കോട്ടയം : കൈവച്ചമേഖലയിലെല്ലാം മികവ് തെളിയിച്ച ചരിത്രമാണ് ബി.ജെ.പിയുടെ നിയുക്ത മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയ്ക്ക്. പള്ളിക്കത്തോട് പഞ്ചായത്തിലെ ആദ്യ മെമ്പറായി, പിന്നീട് പഞ്ചായത്ത് തന്നെ പിടിച്ചെടുക്കുന്ന തലത്തിലേയ്ക്ക് എത്തി. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുവിഹിതം വർദ്ധിപ്പിച്ചു. ജില്ലാ പ്രസിഡന്റായിരിക്കെ ജനകീയ വിഷയങ്ങൾക്കായി സമരവാതിലുകൾ തുറന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ ചുമതലയുള്ള പുതിയ ഉത്തരവാദിത്വത്തിലും പതിവ് മെയ്‌വഴക്കത്തോടെ തിളങ്ങാനാകുമെന്ന പ്രതീക്ഷയാണ് ഹരി പങ്കുവയ്ക്കുന്നത്.
പ്രവർത്തന ശൈലി
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ അദ്ധ്യക്ഷൻമാരുമായി ചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാവും. മുൻ ജില്ലാ പ്രസിഡന്റെന്ന നിലയിലുള്ള വ്യക്തിബന്ധം ഏറെ സഹായകരമാവും. കോട്ടയത്തിന്റെ അതിർത്തി ജില്ലകൾ എന്ന നിലയിൽ ഇടുക്കിയിലേയും എറണാകുളത്തേയും പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയും. ബൂത്ത് കമ്മിറ്റികളുടെ എണ്ണം കൂട്ടുകയാണ് പ്രധാനം.
പാർലമെന്റ് തിരഞ്ഞെടുപ്പ്
വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. ബൂത്ത് തലംമുതലുള്ള സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള വ്യാപക ശ്രമമുണ്ടാവും.
അതൃപ്തിയില്ല
പുന:സംഘടനയിൽ നേതാക്കൾ അതൃപ്തരാണെന്നത് മാദ്ധ്യമ സൃഷ്ടമിമാത്രമാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നയാളാണ് പുതിയ ജില്ലാ പ്രസിഡന്റ്. അഡ്വ.നോബിൾ മാത്യുവിനും അർഹമായ പ്രാതിനിധ്യം ഉണ്ടാകും.