വൈക്കം : വൈക്കം കായലോര ബീച്ചിനും കെ.ടി.ഡി.സി കായലോര വിശ്രമകേന്ദ്രത്തിനും ഇടയിൽ കായലോരത്ത് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും കൂടിക്കിടക്കുന്നതിനാൽ പ്രദേശമാകെ ദുർഗന്ധമാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് ജലാശയത്തെ മലിനമാക്കുന്നത്.കായലോരത്ത് ഡബിൾ ഡക്കർ ബസിൽ ഒരുക്കുന്ന റസ്റ്റോറന്റിന്റെ അവസാന മിനുക്കുപണികൾ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധയാകർഷിച്ച ഈ നൂതന സംരംഭത്തിന്റെ തൊട്ടുമുന്നിലാണ് മാലിന്യക്കൂമ്പാരം. കായലോര ബീച്ചിലേക്കുള്ള വഴിയിൽ സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനത്തിന് സമീപവും മാലിന്യക്കൂമ്പാരമാണ്.
ക്ഷേത്രനടകൾക്ക്
സമീപവും മാലിന്യം
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നടകൾക്ക് സമീപവും റോഡിൽ മാലിന്യം കുന്നുകൂടുകയാണ്. ക്ഷേത്രത്തിൽ അഷ്ടമിയുടെ ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കാനിരിക്കെയാണ് ഈ അവസ്ഥ. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ ഇപ്പോൾ വരവേൽക്കുക ക്ഷേത്ര നടകൾക്ക് മുന്നിൽ റോഡരുകിലെ മാലിന്യമാണ്. നഗരസഭ യുടെ മാലിന്യനീക്കം കാര്യക്ഷമമല്ലാതായതാണ് നഗരത്തിൽ പലയിടത്തും മാലിന്യം കുന്നുകൂടാൻ കാരണം.
കച്ചേരിക്കവല കൊച്ചുകവല റോഡിൽ നിന്ന് കാലാക്കൽ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ കവാടത്തിൽ തന്നെ മാലിന്യങ്ങൾ കവറുകളിലാക്കി തള്ളുന്നുണ്ട്.