മുണ്ടക്കയം ഈസ്റ്റ്: കഴിഞ്ഞദിവസം വീശിയടിച്ച കൊടുംങ്കാറ്റിൽ പെരുവന്താനം ചുഴിപ്പ് പള്ളിക്കുന്നേൽ വീട്ടിൽ ഷാജി പി ജോർജിന് തന്റെ പുരയിടത്തിലെ സർവതും നഷ്ടമായി. കൃഷി പൂർണമായി നശിച്ചു. ഷാജിയുടെ പുരയിടത്തിലെ നാല്പതിലധികം വർഷം പ്രായമുള്ള അമ്പതിലധികം വലിയ ജാതി മരങ്ങളാണ് ഒറ്റരാത്രികൊണ്ട് നിലംപൊത്തിയത്. തേക്ക്,പ്ലാവ്, റബർ എന്നിവയും നശിച്ചു. ജാതി മരങ്ങൾ കടപുഴകി വീണ് വീടിനും ഭാഗികമായി കേടുപാട് സംഭവിച്ചു.സംഭവസമയം ഷാജിയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം നേരം ഭീതിയുടെ മുൾമുനയിലായിരുന്നു തങ്ങളെന്ന് ഈ കുടുംബം പറയുന്നു. ആറ് ലക്ഷത്തിലധികം രൂപയുടെ ജാതിമരം മാത്രം നഷ്ടമായിട്ടുണ്ട്. എന്നാൽ കൃഷിഭവനിൽ നിന്ന് നഷ്ടപരിഹാരമായി 800 രൂപ മാത്രമാണ് ഒരു ജാതിമതത്തിന് ലഭിക്കുക. കഴിഞ്ഞദിവസം പെരുവന്താനം മേഖലയിൽ ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽ മുപ്പതിലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു.