accident
ചിത്രം -കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറ സ്‌കൂളിന് സമീപംബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.

അടിമാലി: തോട്ടംതൊഴിലാളികളുമായി വന്ന ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ജീപ്പിൽ ഉണ്ടായിരുന്ന തൊഴിലാളികൾ എല്ലാവരും അടിമാലി ചിന്നപാറകുടി ആദിവാസി കോളനിയിലുള്ള സ്ത്രീ തൊഴിലാളികളാണ്. മീനാക്ഷി (26), അമ്മിണി (70), രാധ (50), വിജയ് (48), അമ്മിണി (58), തങ്കമ്മ (48), മിനി (42), ശശികല (34), വിജയമ്മ (47), സുനിത (35), ജീപ്പ് ഡ്രൈവർ അടിമാലി സ്വദേശി സുബാഷ് (40) ബൈക്ക് യാത്രികനായിരുന്ന നെടുംങ്കണ്ടം കല്ലാർ സ്വദേശി ലിൻസ് (31) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് വരി പാതയുടെ വീതിയുള്ള ഭാഗത്തായിരുന്നു അപകടം. കല്ലാറിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് തിരികെ വന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികൻ അടിമാലിയിൽ നിന്ന് കല്ലാറിന് പോവുകയായിരുന്നു. ഇയാളുടെ കാലിനും കൈകൾക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളികളെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ തടസപ്പെട്ട ഗതാഗതം പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് പുനരാരംഭിച്ചത്.