കോട്ടയം : ഏഴ് ദിവസത്തിനുള്ളിൽ ജില്ലയിൽ അരങ്ങേറിയത് രണ്ട് അരുംകൊലകൾ. ഈ മാസം ഒന്നിന് തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിതിനമോൾ (22) പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ കഴുത്തറുത്തു കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടുമാറും മുൻപെയാണ് കങ്ങഴയിൽ യുവാവിനെ അരുംകൊല ചെയ്തത്. രണ്ടു കൊലപാതകങ്ങളും പട്ടാപ്പകലാണെന്നത് ഞെട്ടൽ വർദ്ധിപ്പിക്കുന്നു. പാലായിൽ വിദ്യാർത്ഥിനിയുടെ മരണത്തിലേക്കു നയിച്ചതു പ്രണയ നൈരാശ്യത്തിലെ പകയാണെങ്കിൽ കങ്ങഴയിൽ ജീവനെടുത്തതു ഗുണ്ടാസംഘങ്ങളുടെ കുടിപ്പക. പാലായിലെ കൊലപാതകം സംസ്ഥാനത്താകെ നടുക്കമായി മാറിയിരുന്നു. സഹപാഠിയാണ് പട്ടാപ്പകൽ കോളജ് കാമ്പസിൽ നിതിനാമോളെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഇരുകേസുകളിലും പ്രതികൾക്കായി പൊലീസിന് അന്വേഷണം നടത്തേണ്ടി വന്നില്ലെന്നതും സമാനതയായി. പാലായിൽ സഹപാഠിയെ കൊന്ന കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക്‌ ബൈജു (20) പൊലീസ് എത്തുന്നതു വരെ ഭാവഭേദമില്ലാതെ സമീപത്തു തന്നെ ഇരുന്നു. പൊലീസ് എത്തിയപ്പോൾ എതിർക്കാതെ കീഴടങ്ങുകയും ചെയ്തു. മണിമലയിൽ ക്രൂര കൊലപാതകത്തിനു ശേഷം പ്രതികൾ തൊട്ടടുത്ത സ്‌റ്റേഷനിൽ കീഴടങ്ങി.