കോട്ടയം : ശബരിമല വിമാനത്താവള പദ്ധതി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീർത്ഥാടകരുടെ സൗകര്യാർത്ഥം ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017ൽ തത്വത്തിൽ അംഗീകാരം നൽകുകയും ആധികാരിക ഏജൻസി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെ.എസ്.ഐ ഡി.സി യെ ചുമതലപ്പെടുത്തിയിരുന്നു. പ്രാഥമിക ഫീസിബിലിറ്റി റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടതിന് മറുപടി തയ്യാറാക്കിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.