sreeja

കോട്ടയം: രാവിലെ ക്ഷേത്ര ദർശനവും കഴിഞ്ഞ് ഭർത്താവ് സുരേഷിനൊപ്പം കോട്ടയം പി.എസ്.സി ഓഫീസിലെത്തി നിയമന ശുപാർശ കൈപ്പറ്റുമ്പോൾ ചിലരുടെ ചതിയിലൂടെ കൈവിട്ടുപോയ ജോലി തിരികെ കിട്ടിയതിന്റെ സന്തോഷമായിരുന്നു ശ്രീജയുടെ മുഖത്ത്. ശ്രീജയ്ക്ക് അർഹതപ്പെട്ട അസി.സെയിൽസ്‌മാൻ ജോലി വ്യാജ സമ്മതപത്രം വഴി തട്ടിയെടുക്കുകയായിരുന്നു. ആദ്യം കൈ മലർത്തിയ പി.എസ്.സി അന്വേഷണത്തിലൂടെ സത്യം തെളിഞ്ഞപ്പോൾ ശ്രീജയെ പരിഗണിച്ചു. പാവമൊരു വീട്ടമ്മയുടെ പോരാട്ടത്തിന്റെ വിജയമാണിത്.

പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിലെത്തി നിയമന ശുപാർശ കൈപ്പറ്റണമെന്ന സന്ദേശം കഴിഞ്ഞ ദിവസമാണ് ഫോണിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ജില്ലാ ഓഫീസർ എസ്.ശൈലാകുമാരിയുടെ സാന്നിദ്ധ്യത്തിൽ ശുപാർശ ഏറ്റുവാങ്ങി. സിവിൽ സപ്ളൈസ് ജില്ലാ ഓഫീസിൽ നിന്നുള്ള അപ്പോയിൻമെന്റ് ഓർഡർ തിങ്കളാഴ്ചയോടെ ലഭിക്കും.

2018 മേയ് 30ന് പ്രസിദ്ധീകരിച്ച സിവിൽ സപ്ളൈസ് അസി.സെയിൽസ്‌മാൻ തസ്തികയിൽ 233-ാം റാങ്ക് നേടിയിരുന്നു പത്തനംതിട്ട കുളത്തൂർ ചെറിയമുളയ്ക്കൽ സ്വദേശിയായ എസ്.ശ്രീജ. എന്നാൽ, അതേ പേരും വയസുമുള്ള കൊല്ലം മൈനാഗപ്പള്ളി സ്വദേശി ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം നൽകുകയായിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ ഇവരുടെ സത്യവാങ്മൂലം ലഭിച്ചതോടെ ശ്രീജയുടെ അവസരം നഷ്ടപ്പെടുകയും റാങ്ക് ലിസ്റ്റിൽ പിന്നിലുള്ളവർക്ക് ജോലി ലഭിക്കുകയും ചെയ്തു. മൈനാഗപ്പള്ളി സ്വദേശി ഈ പരീക്ഷ എഴുതിയിരുന്നുമില്ല. ഈ സമയം ഒരുപാട് പരീക്ഷ എഴുതിയിരുന്നതിനാൽ ഓർമയില്ലെന്നും റാങ്ക് ഹോൾഡർമാരുടെ സംഘടനാ ഭാരവാഹി പറഞ്ഞ പ്രകാരം അസി.സെയിൽസ്‌മാൻ ജോലി വേണ്ടെന്ന് സമ്മതപത്രത്തിൽ ഒപ്പിട്ടു കൊടുത്തെന്നുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയുടെ മൊഴി. ആഗസ്റ്റിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധിയും അവസാനിച്ചു. അർഹതയുണ്ടായിട്ടും ജോലി ലഭിക്കില്ലെന്ന് വേദനയോടെ അറിഞ്ഞ ശ്രീജ പിന്നീട് നിരന്തര നിയമപോരാട്ടം നടത്തി. ശ്രീജയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പി.എസ്.സിക്ക് സത്യം ബോദ്ധ്യപ്പെട്ടു. കോട്ടയം ഡിവൈ.എസ്.പിയുടെ അന്വേഷണം തുടരുകയാണ്.

 "എല്ലാവർക്കും നന്ദി. പ്രായപരിധി കഴിഞ്ഞതോടെ മറ്റൊരു ജോലിയും ലഭിക്കാത്ത സാഹചര്യത്തിൽ മരിക്കണോയെന്നു പോലും ചിന്തിച്ചതാണ്. ജീവിക്കാൻ മറ്റൊരു വഴിയുമില്ലായിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയുമുണ്ടായിരുന്നു''

- ശ്രീജ

 അന്വേഷണം തുടരുന്നു

'' നടപടിക്രമം സംബന്ധിച്ച് പി.എസ്.സിയുടെ മൊഴി നൽകാൻ ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഈ മൊഴി ലഭിക്കാത്തതിനാൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകും. സർക്കാർ ശുപാർശയുണ്ടെങ്കിലേ മറ്റു നടപടികളിലേക്ക് പോകൂ''

-ജെ.സന്തോഷ് കുമാർ, ഡിവൈ.എസ്.പി, കോട്ടയം