കോട്ടയം : കൊവിഡ് കാലത്ത് ജില്ലയിലെ സൈബർ തട്ടിപ്പുകളിൽ വൻവർദ്ധന. മുൻപ് ബാങ്കിംഗ് തട്ടിപ്പുകളാണ് നടന്നിരുന്നതെങ്കിൽ, ഇപ്പോൾ ഹണിട്രാപ്പ് കേസുകളാണ് വർദ്ധിക്കുന്നത്. ഇതിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമായതിനാൽ പിടികൂടാനുമാകുന്നില്ല. കഴിഞ്ഞ നാലു മാസത്തിനിടെ 108 ഹണി ട്രാപ്പ് പരാതികളാണ് എത്തിയിരിക്കുന്നത്. രണ്ടുമാസം മുൻപ് കോളേജ് വിദ്യാർത്ഥിയ്ക്ക് നഷ്‌ടമായത് അയ്യായിരം രൂപയാണ്. ഫേസ്ബുക്കിൽ ദിവസങ്ങൾക്കു മുൻപ് വന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച വിദ്യാർത്ഥി ഈ അക്കൗണ്ടിലെ സൃഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ വാട്‌സ് ആപ്പ് നമ്പർ ആവശ്യപ്പെട്ട സുഹൃത്ത് വീഡിയോ കാൾ ചെയ്യാൻ ആവശ്യപ്പെട്ടു. കാൾ ചെയ്യുമ്പോൾ മറുവശത്ത് നഗ്നയായ യുവതിയായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യം പുറത്തുവിടുമെന്നും മാതാപിതാക്കൾക്ക് അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ കൈയിലുണ്ടായിരുന്ന 5000 രൂപ അക്കൗണ്ടിലേയ്‌ക്ക് അയച്ചു നൽകി. പിന്നീടും പല തവണ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചങ്ങനാശേരി സ്വദേശിയായ ലോറി ഡ്രൈവറും ഇത്തരത്തിൽ കെണിയിൽ വീണിരുന്നു.
ശ്രദ്ധയാണ് പ്രധാനം
വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും വരുന്ന വ്യാജ ഫ്രണ്ട്സ് റിക്വസ്റ്റുകളെ തിരിച്ചറിയണം. ഇത്തരം സൗഹൃദ അഭ്യർത്ഥനകൾ വരുമ്പോഴും, ചാറ്റ് ചെയ്യുമ്പോഴും കരുതൽ എടുക്കുക. പരിചയമില്ലാത്തവരോട് വീഡിയോ കാൾ ചെയ്യാതെ ഇരിക്കുന്നതാണ് ബുദ്ധി.
എം.ജെ അരുൺ, എസ്.എച്ച്.ഒ
സൈബർ പൊലീസ് സ്റ്റേഷൻ