വൈക്കം : കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി താലൂക്കിലെ സ്‌കൂൾ ബസുകളുടെ പരിശോധന നടത്തി ഫി​റ്റ്‌നസ് ഉറപ്പുവരുത്തുമെന്ന് വൈക്കം ജോയിന്റ് ആർ.ടി.ഒ ആർ.ശരത്ചന്ദ്രൻ അറിയിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് കൂടുതൽ കരുതൽ നല്കുന്ന പരിശോധന സംവിധാനമാണ് ഒരുക്കുന്നത്. 13, 16, 20 തീയതികളിൽ വൈക്കം സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ ഗ്രൗണ്ടിലാണ് സ്‌കൂൾ ബസുകളുടെ പരിശോധന. വൈക്കം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ 98 വാഹനങ്ങളാണ് പരിശോധിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് നിർദേശം നല്കും. ഡോർ അ​റ്റന്റർമാർ , ഡ്രൈവർമാർ , ആയ പ്രവർത്തകർ എന്നിവർക്കായി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. രാവിലെ 8 മുതൽ 12 വരെയാണ് വാഹന പരിശോധന. വാഹനങ്ങളുടെ അസൽ രേഖകളും ഡ്രൈവർമാരുടെ ലൈസൻസും ഉൾപ്പടെയുള്ള രേഖകൾ പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനങ്ങളുടെ എല്ലാ മെക്കാനിക്കൽ തകരാറുകളും പരിഹരിച്ചതിന് ശേഷമായിരിക്കണം പരിശോധനയ്ക്ക് ഹാജരാക്കുക. 3500 വരെയുള്ള നമ്പർ വാഹനങ്ങൾ 13 നും ,3501 മുതൽ 7000 വരെയുള്ള നമ്പർ വാഹനങ്ങൾ 16 നും , 7001 മുതൽ 9999 വരെയുള്ള നമ്പർ വാഹനങ്ങൾ 20 നുമാണ് പരിശോധിക്കുന്നത്. പരിശോധനയിൽ ഫി​റ്റ്‌നസ് തെളിയിക്കുന്ന വാഹനങ്ങളുടെ ചില്ലിൽ സ്റ്റിക്കർ പതിക്കും. ഫി​റ്റ്‌നസ് സ്​റ്റിക്കർ പതിക്കാത്ത സ്‌കൂൾ വാഹനങ്ങൾ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9188961436 നമ്പറിൽ ബന്ധപ്പെടണം.