കോട്ടയം : എം.ജി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിൽ എസ്.സി - എസ്.ടി വിഭാഗക്കാർക്കായി നീക്കിവച്ച സീറ്റുകളിൽ അപേക്ഷകരില്ലാതെ 40 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയിട്ടും ആദ്യഅലോട്ട്മെന്റിൽ 60 ശതമാനം പേരാണ് അപേക്ഷകരായെത്തിയത്. സാമൂഹ്യമായി പിന്നാക്കാവസ്ഥയിലുള്ള എസ്.സി - എസ്.ടി വിഭാഗക്കാർക്കായി പ്രത്യേകം അലോട്ട്മെന്റ് നടത്തണമെന്ന് എസ്.സി- എസ്.ടി കമ്മിഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ,എയ്ഡഡ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിൽ 3242 സീറ്റുകൾ ഇവർക്കായി മാറ്റിവച്ചിരുന്നു. 2296 വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്. അപേക്ഷകരില്ലെങ്കിൽ ബാക്കി സീറ്റുകൾ ഒഴിച്ചിടണമെന്നാണ് കോളേജ് അധികൃതർക്ക് സർവകലാശാലയുടെ നിർദ്ദേശം. സർക്കാർ കോളേജുകൾ ഇത് പാലിക്കാറുണ്ട്. എന്നാൽ ചില സ്വകാര്യ കോളേജുകൾ ഏറെ ഡിമാൻഡുള്ള ബി.കോം ,സയൻസ് കോഴ്സുകളിൽ ഒഴിഞ്ഞു കിടക്കുന്ന എസ്.സി - എസ്.ടി സീറ്റുകൾ വൻ തുക ഡൊണേഷൻ വാങ്ങി ഇതര വിഭാഗം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നുവെന്ന പരാതി വ്യാപകമാണ്.
അപേക്ഷകർ കുറയാൻ കാരണം
ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്ന എസ്.സി - എസ്.ടി വിഭാഗം വിദ്യാർത്ഥികൾ ഡിഗ്രി പ്രവേശനത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഓൺലൈൻ പ്രവേശന നടപടികളെക്കുറിച്ച് അറിയാതെ പോകുന്നതാണ് അപേക്ഷകർ കുറയാൻ കാരണമായി പറയുന്നത്. കേട്ടറിഞ്ഞു വരുമ്പോൾ പ്രവേശനത്തിനുള്ള അവസാന തീയതി കഴിയും. തീയതി നീട്ടിക്കൊടുക്കാറുമില്ല.
അൺ എയ്ഡഡ് കോഴ്സുകളോട് പ്രിയം
അൺഎയ്ഡഡ് കോളേജുകൾ നടത്തുന്ന ജോലി സാദ്ധ്യത ഏറെയുള്ള കോഴ്സുകളിൽ മുഴുവൻ ഫീസും നൽകി പഠിക്കാൻ എസ്.സി - എസ്.ടി വിഭാഗം വിദ്യാർത്ഥികളും ഏറെ താത്പര്യം കാട്ടുന്നു. മികച്ച സ്വകാര്യ അൺ എയ്ഡഡ് പ്രൊഫഷണൽ കോളേജുകൾ നടത്തുന്ന ഡിഗ്രി കോഴ്സുകൾക്ക് മൂന്നു വർഷത്തേക്ക് ഒന്നര ലക്ഷത്തിൽ താഴെയേ ഫീസ് വരൂ. ഇത് കൊടുക്കാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുകയാണ്.