പാലാ : ''കെ.എ.എസിൽ മൂന്നാം റാങ്ക് കിട്ടിയത് ഒരുപാട് സന്തോഷം നൽകുന്നു. എന്നാൽ ഇതുകൊണ്ടായില്ല, എനിക്ക് ഇന്ത്യൻ സിവിൽ സർവീസിൽ വരണം. അതിനുള്ള തീവ്രപരിശീലനം തുടരും'' റാങ്കിന്റെ തിളക്കത്തിലും രാമപുരം ഉഷസ്സിന്റെ മുഖശ്രീയായ ഗോപിക ഉദയൻ ആഗ്രഹം മറച്ചുവയ്ക്കുന്നില്ല. മികച്ച വിജയം അച്ഛൻ ഉദയഭാനുവിനും അമ്മ ഷിജിക്കും സമർപ്പിക്കുന്നു ഗോപിക പറഞ്ഞു. കേരള അഡ്മനിസ്‌ട്രേറ്റീവ് സർവീസിൽ നിലവിൽ 17 ഡിപ്പാർട്ടുമെന്റുകളിലേക്ക് ജോലിയിൽ പ്രവേശിക്കാം. ഇതിൽ റവന്യു വകുപ്പ് കിട്ടിയാൽ നേരിട്ട് ഡെപ്യൂട്ടി കളക്ടർ ആകാം. മീനച്ചിൽ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരായ അമ്മ ഷിജിയുടെ പാത പിന്തുടർന്ന് റവന്യു വകുപ്പിൽ ജോലിക്ക് കയറണമെന്നാണ് ഗോപികയുടെയും ആഗ്രഹം. ഇതോടൊപ്പം സിവിൽ സർവീസ് പരിശീലനവും തുടരും.
റിട്ട. അദ്ധ്യാപകനും, സി.പി.ഐയുടെ പാലാ മണ്ഡലം നേതാവുമായ കെ.എസ്. മാധവന്റെയും റിട്ട. അദ്ധ്യാപിക ശാദരയുടെയും കൊച്ചുമകൾക്കൂടിയാണ് ഗോപിക. ഇരട്ടസഹോദരങ്ങളായ ഗോകുൽ എം.എയ്ക്കും, ഗോപു എം.കോമിനും പഠിക്കുന്നു. ചെറുപ്പം മുതലേ വായനയോട് ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഗോപിക പ്ലസ്ടു വരെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചിരുന്നത്. നിലവിൽ തിരുവനന്തപുരത്ത് ലോട്ടറി വകുപ്പിൽ ക്ലർക്കാണെങ്കിലും അധികകാലം ജോലിക്ക് പോയിട്ടില്ല. സിവിൽ സർവീസ് പരിശീലനത്തിനും കേരള അഡ്മിനിസ്‌ട്രേറ്റീവ് പരിശീലനത്തിനുമായി അവധിയിലായിരുന്നു. രണ്ട് തവണ സിവിൽ സർവീസിന്റെ പ്രാഥമിക പരീക്ഷ പാസായി. രണ്ട് തവണയും നഷ്ടപ്പെട്ട സിവിൽ സർവീസ് സ്വപ്‌നം പൂവണിയുമെന്ന ഉറച്ചവിശ്വാസമാണീ 26കാരിക്കുള്ളത്. ഗോപികയുടെ മൂന്നാം റാങ്കിന്റെ നേട്ടമറിഞ്ഞ് വിവിധ ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരും രാമപുരം അമ്പലം ജംഗ്ഷനിലെ വീട്ടിലെത്തി അഭിനന്ദനം ചൊരിഞ്ഞു.