വൈക്കം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു ബ്രാഹ്മണ ഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങി. വീടുകളിൽ വിളക്കു കൊളുത്തി നിവേദ്യം അർപ്പിച്ചാണ് ഭക്തർ നവരാത്രി പൂജ നടത്തുന്നത്. ബ്രാഹ്മണ ഭവനങ്ങളിൽ ഭക്തിയും സന്തോഷവും നിറയ്ക്കുന്ന ദിനങ്ങളാണ് നവരാത്രി ആഘോഷ കാലം.മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ ഒറ്റ സംഖ്യ വരുന്ന പടികൾ തീർത്ത് അതിൽ ദേവ രൂപങ്ങൾ നിരത്തിയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ഏറ്റവുംമുകളിലത്തെ തട്ടിൽ ലക്ഷ്മി ദേവി, സരസ്വതി ദേവി, ദുർഗ ദേവി, ഗണപതി എന്നീ ദേവ രൂപങ്ങൾ വയ്ക്കും. ഇതിനു പുറമെ വിവിധ തരത്തിലുള്ള കളിമൺ പ്രതിമകൾ മിഴിവേകുന്നതിനായി വയ്ക്കുന്നു. പ്രതിമകൾക്കിടയിൽ വയ്ക്കുന്ന കുംഭത്തിനു സവിശേഷ പ്രാധാന്യമുണ്ട്.നാളികേരത്തിന്റെ കുടുമ കളയാതെ പൊതിച്ചെടുത്ത് അലങ്കരിച്ചാണ് കുംഭം ഒരുക്കുന്നത്. സന്ധ്യാനേരം ഒരുക്കുന്ന ബൊമ്മക്കൊലു പുജിച്ച് ആരാധിക്കുന്നത് സ്ത്രീകളാണ്. നവരാത്രികാലത്ത് ദേവീസ്തുതികളാൽ വീട് മുഖരിതമാകുന്നത് ഐശ്വര്യവും ശാന്തിയും സമാധാനവും ലഭ്യമാക്കുന്നതിനിടയാക്കുമെന്നാണ് വിശ്വാസം. ആദ്യ മൂന്നു ദിനങ്ങളിൽ പാർവതി പാർവതി ദേവിയെ സങ്കൽപിച്ചും തുടർന്നുള്ള മുന്നുദിനങ്ങൾ ലക്ഷ്മി, സരസ്വതി ദേവി സങ്കൽപത്തിലുമാണ് പൂജകൾ നടത്തുന്നത്. നിവേദ്യമായി വിവിധ തരം ചൂണ്ടലുകൾ തയ്യാറാക്കി സമർപ്പിക്കും. വീട്ടിലെത്തുന്നവർക്ക് താംബൂലം നൽകുന്ന പതിവും നവരാത്രി ദിനങ്ങളിലുണ്ട്. വൈക്കം വെച്ചൂർ കൈതാരത്തിൽ വർഷങ്ങളായി രാധാ വെങ്കിടാചലവും കുടുംബവും ബൊമ്മക്കൊലു ഒരുക്കി ആരാധന നടത്തുന്നുണ്ട്.