കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ക്യൂ നിൽക്കുന്നതിനിടെ കാലിൽ ചവിട്ടിയതിനെച്ചൊല്ലി ജില്ലാ കളക്ടറേറ്റ് വളപ്പിൽ വിദ്യാർത്ഥി സംഘത്തിന്റെ ഏറ്റുമുട്ടൽ. കാലിൽ ചവിട്ടിയതായി ആരോപിച്ച് വിദ്യാർത്ഥി സംഘം മർദ്ദിച്ച യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയതോടെ ഇവരിൽ ഒരാൾ കളക്ടറേറ്റ് വളപ്പിൽ കത്തിവീശി. സംഭവത്തിൽ പരിക്കേറ്റ രണ്ടു വിദ്യാർത്ഥികൾ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇവർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയത്. വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്നതിനിടെ ചെങ്ങളം സ്വദേശിയായ വിദ്യാർത്ഥിയുടെ കാലിൽ വടവാതൂർ സ്വദേശിയായ വിദ്യാർത്ഥി ചവിട്ടി. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വടവാതൂർ സ്വദേശിയായ യുവാവിനെ ചെങ്ങളം സ്വദേശിയും, സുഹൃത്തുക്കളും ചേർന്നു മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ഇതിൽ ക്ഷുഭിതനായ വടവാതൂർ സ്വദേശി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇതിൽ ഒരാൾ കത്തിയുമായാണ് കളക്‌ടറേറ്റിനുള്ളിൽ കടന്നുകയറിയത്. തുടർന്നു, ഡിവൈ.എസ്.പി ഓഫിസിനു സമീപത്തെ ഇടനാഴിയിൽ വച്ച് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ സംഘത്തിലെ ഒരു വിദ്യാർത്ഥി കൈയിലിരുന്ന കത്തി വീശുകയായിരുന്നു. സംഘർഷമറിഞ്ഞ് ഡിവൈ.എസ്.പി ഓഫിസിൽ നിന്നടക്കം പൊലീസ് സംഘം സ്ഥലത്തെത്തി. ഇതോടെ വിദ്യാർത്ഥികൾ ചിതറിയോടി. തുടർന്നു പൊലീസെത്തി സംഘത്തിലെ ഒരാളെ പിടികൂടുകയും ചെയ്തു.