കുമരകം: വേമ്പനാട്ട് കായലിലെ പോള ശല്യത്തിന് പരിഹാരമായി ജെട്ടി തോടിന്റെ മുഖവാരത്ത് നിർമ്മിച്ച വേലി തകർന്നു. കുമരകം പഞ്ചായത്ത് ആഴ്ച്ചകൾക്ക് മുൻപ് നിർമ്മിച്ച വേലിയാണ് ഇപ്പോൾ തകർന്നത്. മുഖാവരത്തെ പോള നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പ് ചിലവഴിച്ച മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ ഇതോടെ വെള്ളത്തിലായി. വാരി നീക്കുന്ന ഭാഗത്തേക്ക് വീണ്ടും പോള ഒഴുകി എത്താതിരിക്കാൻ മുഖവാരത്ത് ഇരു വശങ്ങളിലുമായി വേലി നിർമ്മിക്കാമെന്ന് കുമരകം പഞ്ചായത്ത് ഉറപ്പുനൽകിയതിനെ തുടർന്നാണ് ഇറിഗേഷൻ വകുപ്പ് പോള നീക്കാൻ കരാർ നൽകിയത്. മത്സ്യത്തൊഴിലാളികളുടേയും ബോട്ട് ജീവനക്കാരുടേയും മാസങ്ങളായുള്ള പ്രതിക്ഷേധത്തെ തുടർന്നായിരുന്നു നിർമ്മാണം നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ വേലി തകർന്നത് നിർമ്മാണത്തിന്റെ അപാകത കൊണ്ടാണെന്നാണ് കായൽ തൊഴിലാളികളുടെ ആക്ഷേപം. നിർമ്മാണത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. വേലി തകർന്നതാേടെ മുഖവാരത്ത് വീണ്ടും പാേള നിറഞ്ഞു.
വേലികെട്ടുന്നതിനായി പഞ്ചായത്ത് അനുവദിച്ച തുക അപര്യാപ്തമായതിനാൽ തട്ടിക്കുട്ട് വേലിയാണ് നിർമ്മിച്ചത്. ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റുകളും വഴിവിളിക്കുകളുടെ ഇരുമ്പു കാലും മറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചത്.
മധു ബോസ്
മത്സ്യത്തൊഴിലാളി