ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന് ഇന്ന് തുടക്കം

പാലാ:കാത്തിരിപ്പിന് വിരാമം. ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് ഇനി സുഖയാത്രയ്ക്ക് വഴിയൊരുങ്ങുന്നു. മേലുകാവിലെ ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡിന്റെ ബി.എം ബി.സി നവീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു.ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.
മേലുകാവ് ഹെന്ററി ബേക്കർ ജൂനിയർ മെമ്മോറിയൽ പാരീഷ് ഹാളിൽ ചേരുന്ന സമ്മേളത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർമ്മാണോദ്ഘാടനം നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.

സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി എസ് ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുക്കും. 11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ കൂവപ്പള്ളി ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റർ മുതലുള്ള തകർന്ന് തരിപ്പണമായ ഭാഗമാണ് 11 കോടി 12 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്നത്.

ആരും തിരഞ്ഞുനോക്കാതെ

പന്ത്രണ്ടു വർഷത്തിലേറെയായി റോഡ് തകർന്നനിലയിലായിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. നാട്ടുകാർ സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ റോഡിന്റെ നവീകരണത്തിനായി എം.എൽ.എയ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി മാണി സി കാപ്പൻ എം.എൽ.എ ചർച്ച നടത്തിയതും പദ്ധതിക്ക് ഗുണകരമായി.