mndiram

കുറിച്ചി: കുറിച്ചി മന്ദിരം കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആവശ്യം ഉന്നയിച്ച് സചിവോത്തമപുരം യുവരശ്മി ക്ലബിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിയ്ക്കും ജോബ് മൈക്കിൾ എം.എൽ.എയെയും സമീപിച്ചു.

എം.സി റോഡിൽ പ്രധാന ജംഗ്ഷനായ മന്ദിരം കവലയിൽ ഗതാഗത തിരക്ക് ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്ഥിതിയാണ്. ഇതുമൂലം, പാതയുടെ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ചു കടക്കുവാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വരികയും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ജംഗ്ഷനു സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന സചിവോത്തമപുരം സി.എച്ച്.സിയിലേക്കുള്ള രോഗികളാണ് ഏറെ പ്രയാസമനുഭവപ്പെടുന്നത്. എം.സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷൻ- ചിങ്ങവനം പുത്തൻപാലം ജംഗ്ഷൻ എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാഗമാണിത്. കൂടാതെ, കൈനടി, കുഴിമറ്റം ഭാഗത്തേയ്ക്ക് പോകുന്ന റോഡ് തിരിയുന്നതും ഇവിടെ നിന്നാണ്. നാല് വശത്തു നിന്നും ഒരു പോലെ ചെറുതും വലുതുമായ വാഹനങ്ങൾ എത്തുന്നയിവിടെ തന്നെയാണ് കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ് സ്‌റ്റോപ്പും സ്ഥിതി ചെയ്യുന്നത്. എന്നാൽ, കുഴിമറ്റം പാത്താമുട്ടം ഭാഗത്തേയ്ക്കുള്ള റോഡിൽ യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കുന്നതിനുള്ള കാത്തിരുപ്പു കേന്ദ്രം ഇല്ലാത്തതിനാൽ റോഡിന്റെ മറുവശത്തെ വ്യാപാരസ്ഥാപനങ്ങളുടെ തിണ്ണയാണ് ആശ്രയം. കൈനടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും എതിർഭാഗത്ത് പാത്താമുട്ടം എഞ്ചിനിയറിംഗ് കോളേജ്, കേന്ദ്ര ഹോമിയോ മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്, എ വി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ളതും തിരിച്ചുമുള്ളതുമായ വാഹനങ്ങൾ മന്ദിരം കവലയിൽ എത്തിയാണ് തിരിയുന്നത്. കുറിച്ചി ഔട്ട്പോസ്റ്റ്, പാലാത്ര, സെൻട്രൽ ജംഗ്ഷനിലാണ് സിഗ്നൽ ലൈറ്റുകൾ നിലവിലുള്ളത്. കുഴിമറ്റം, കൈനടി ഭാഗത്ത്‌നിന്നും എത്തുന്ന വാഹനങ്ങളെ മറികടക്കുന്നതിനായി അമിത വേഗതയിലാണ് എം.സി റോഡിലൂടെ നിരവധി വാഹനങ്ങൾ എത്തുന്നത്. ഇത് പലപ്പോഴും വലുതും ചെറുതുമായ നിരവധി അപകടങ്ങൾ സംഭവിയ്ക്കുന്നതിനും ഇടയാക്കുന്നുണ്ട്.