കോട്ടയം: ഹോർമോൺ രഹിത കേരള ചിക്കൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയമായതോടെ വില്പന കേരളമാകെ കുടുംബശ്രീ വ്യാപിപ്പിക്കുന്നു. നിലവിൽ ആറ് ജില്ലകളിലാണുള്ളത്. ഒക്ടോബർ 7 വരെ 48.83 കോടി രൂപയാണ് വിറ്റുവരവ്. കോഴിയിറച്ചി മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം കുറവിലാണ് വിൽക്കുന്നത്. 77 ഔട്ട്ലെറ്റുകളും 246 ഫാമുകളുമുണ്ട്.
പാലക്കാട്, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഉടനും ബാക്കി നാലു ജില്ലകളിൽ താമസിയാതെയും പ്രവർത്തനം തുടങ്ങും. ആദ്യ വിപണന കേന്ദ്രം 2020 ജൂലായ് രണ്ടിന് എറണാകുളം നോർത്ത് പറവൂരാണ് ആരംഭിച്ചത്. പിന്നീട് തൃശൂരും ഈ വർഷം കോട്ടയം, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ബ്രീഡർ ഫാമുകളിൽ നിന്നുള്ള മുട്ട വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകും. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഫാമുകളിൽ വളർത്തി 40 ദിവസം തികയുമ്പോൾ ഔട്ട്‌ലെറ്റുകളിൽ എത്തിക്കും.
അധിക തൂക്കത്തിനായി ഹോർമോണുകൾ ഉപയോഗിക്കുന്നില്ല. ആന്റിബയോട്ടിക് ഡ്രോപ്പും നൽകുന്നില്ല. 40 ദിവസ വളർച്ചയിൽ പരമാവധി രണ്ടു കിലോ തൂക്കമേ കാണൂ. തമിഴ്നാട്ടിലും മറ്റും ഹോർമോൺ നൽകി വളർത്തുന്ന കോഴിക്ക് ഇത്രയും ദിവസം കൊണ്ട് മൂന്ന് കിലോയോളം തൂക്കം കാണും.
കുടുംബശ്രീ ഔട്ട്‌ലെറ്റുകൾക്ക് മിനിമം 250 സ്ക്വയർ ഫീറ്റ് സ്ഥലമെന്ന് നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ പരിധിയിൽ മറ്റൊന്ന് ഉണ്ടാകാൻ പാടില്ല. പഞ്ചായത്തിന്റെ ലൈസൻസും വേണം.
ഒക്ടോബർ 7 വരെ വിറ്റ ചിക്കൻ - 5474.67 ടൺ
വരുമാനം ഇങ്ങനെ
എറണാകുളം: 21.22 കോടി
തൃശൂർ: 8.974 കോടി
കോട്ടയം: 6.18 കോടി
കൊല്ലം : 3.86 കോടി
തിരുവനന്തപുരം:4.04 കോടി
കോഴിക്കോട്: 4.52 കോടി
ആകെ: 48.83 കോടി
ലാഭക്കണക്ക്
ഒരു കിലോ ഇറച്ചിക്ക് ഔട്ട്ലെറ്റിൽ ലാഭം- 14 രൂപ
ഒരു ദിവസം ഒരു ഔട്ട്ലെറ്റിൽ വില്പന- 200 കിലോ
ഒരു മാസത്തെ ലാഭം- 84,000 രൂപ