വൈക്കം : താലൂക്ക് ഗവ.ആശുപത്രിയിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മിച്ച ഡയാലിസിസ് യൂണിറ്റ് 20 ന് തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഡയാലിസിസ് സെന്റർ തുടങ്ങുന്നതിനു മുമ്പ് രോഗികൾക്ക് ആവശ്യമായ അടിയന്തര ചികത്സയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും ഒരുക്കാൻ 20 ലക്ഷം രൂപ കരുതണമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. സുമനസുകളുടെ സഹായത്തോടെ തുക സമാഹരിക്കാനാണ് തീരുമാനം. ഫണ്ടിലേക്ക് ആദ്യ തുകയായി 25,000 രൂപ മാധവൻകുട്ടി കറുകയിൽ നഗരസഭ ചെയർപേഴ്‌സണും ഉപദേശസമിതി ചെയർപേഴ്‌സണുമായ രേണുക രതീഷിന് കൈമാറി. ബി.പി.എൽകാർക്ക് ഡയാലിസിസ് സൗജന്യമാണ്. മറ്റുള്ളവർക്ക് 780 രൂപ ഫീസ് ഈടാക്കും. മറ്റ് സേവനങ്ങൾ സൗജന്യമാണ്.
ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടിസുഭാഷ് , ആശുപത്രി സുപ്രണ്ട് അനിത ബാബു, ആർ.എം.ഒ.എസ്. കെ.ഷീബ, ഉപദേശസമിതി ഭാരവാഹികളായ എം.ടി.അനിൽകുമാർ, എം.സുജിൻ, എസ്. ഹരിദാസൻ നായർ, ബി.ശശിധരൻ, മോഹനൻ പുതശ്ശേരി, കെ.ആർ രാജേഷ്, എം.അബു, കെ.വി.ജീവരാജൻ , വിപിൻകുമാർ, ഒ.വി.നന്ദിനി, വി.എസ്.ശ്രീദേവി, പി.വി.അനിത, എം.കെ.രവീന്ദ്രൻ, വിനൂപ് വിശ്വം, ആർ.രാജശേഖരൻ, ബിന്ദു ഷാജി, ആശുപത്രി സ്റ്റാഫ് പി.ജി.അമ്പിളി എന്നിവർ പങ്കെടുത്തു.