k-r-shylakumar

വൈക്കം : തളർന്നുപോയ ശരീരത്തിലെ തളരാത്ത മനസ് ഹരിതാഭമാണ്. ഊന്നുവടിയുടെ സഹായത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ ഒരു നാടിനാകെ പ്രചോദനമാകുകയാണ് ജൈവ കൃഷിയുടെ പ്രചാരകനായ തലയാഴം കൂവം പുളിക്കാശ്ശേരിൽ മക്കൻ ചെല്ലപ്പൻ. കാർഷിക ഗ്രാമമായ വെച്ചൂരിനെ സമ്പൂർണ പച്ചക്കറി ഗ്രാമമാക്കാനുള്ള ഉദ്യമമാണ് ഇക്കുറി ചെല്ലപ്പൻ ഏ​റ്റെടുത്തിരിക്കുന്നത്. വെച്ചൂരിലെ മുഴുവൻ വീടുകളിലും തരിശുപുരയിടങ്ങളിലും തൊഴിലുറപ്പ് , കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി. ഭരണ - പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ഒരേ മനസോടെ പഞ്ചായത്തിനെ പച്ചക്കറി സ്വയംപര്യാപ്തമാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ചേർത്തല ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡായ വടകരയിൽ കുടുംബശ്രീ അംഗങ്ങളുടെ എട്ട് തോട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങളുടെ രണ്ടു കൃഷിയിടങ്ങൾ, വിദ്യാർത്ഥികളുടെ രണ്ടു കൃഷി തോട്ടങ്ങൾ എന്നിവിടങ്ങളിൽ ചെല്ലപ്പൻ സൗജന്യമായി പച്ചക്കറി തൈകൾ നൽകി കൃഷി നടത്തി നൂറുമേനി വിളവ് നേടിയിരുന്നു. ഈ കൃഷിയിടങ്ങളിൽ കർഷകർക്കൊപ്പം ശാരീരിക അവശതകൾ മാ​റ്റിവച്ച് ചെല്ലപ്പൻ കൃഷിയെ പരിപാലിച്ചത് രണ്ടരമാസമാണ്. വെച്ചൂർ ഇടയാഴം ദേവി കൃപ അഗ്രി നഴ്‌സറി വളപ്പിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് അംഗം ഗീതാ സോമന് പച്ചക്കറി തൈകൾ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം
പൊതുരംഗത്തെ അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരത്തിലേർപ്പെട്ടിരുന്ന ചെല്ലപ്പന്റെ ഒ​റ്റയാൾ പോരാട്ടങ്ങൾ എക്കാലത്തും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അപ്പർകുട്ടനാട്ടിലെ നെൽകൃഷിയുടെ സംരക്ഷണത്തിനായും നിരന്തരം സമരം ചെയ്തു. പിന്നീടാണ് ജൈവ കൃഷിയുടെ പ്രചാരകനായി വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം കൃഷി നടത്തി നാടിന് മാതൃകയായത്.