life-mission-flat

അടിമാലി: ലൈഫ് മിഷൻ പദ്ധതിയിൽ അടിമാലി മച്ചിപ്ലാവിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയം അറ്റകുറ്റപ്പണികളുടെ അഭാവത്താൽ നാശത്തിന്റെ വക്കിലെത്തി. കുടിവെള്ള ടാങ്ക്, ഗ്രില്ലുകൾ എന്നിവയെല്ലാം തകർന്ന് തുടങ്ങി. കെട്ടിടത്തിലെ ലിഫ്ടുകൾ പ്രവർത്തനരഹിതമായിട്ടും കാലങ്ങളായി.

മൂന്ന് വർഷം മുമ്പാണ് 26 കോടി മുടക്കി ലൈഫ് മിഷൻ പദ്ധതിയിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചത്. 216 ഫ്‌ളാറ്റ് നിർമ്മിച്ചതിൽ നിലവിൽ 165 ഫ്‌ളാറ്റുകളിലായി 600 താമസക്കാരാണുള്ളത്.

ലൈഫ്മിഷന്റെ കേരളത്തിലെ ആദ്യ ഫ്ളാറ്റ് സമുച്ചയം എന്ന പെരുമ ഏറെയുണ്ടെങ്കിലും ഇവിടെ താമസിക്കുന്നവർ ഇപ്പോൾ ദുരിതത്തിലാണ്.കെട്ടിടത്തിന് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. നിർമ്മാണത്തിലെ അപാകതകളുമാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. പുറമേ നോക്കിയാൽ നല്ല ഭംഗി, ഒരു കുറവും തോന്നില്ല. പക്ഷെ ഇത്രയേറെ താമസക്കാരുള്ള ഇവിടെ ചെറിയ തകരാർ പോലും കൂടുതൽ പ്രതിസന്ധിക്ക് ഇടവരുത്തും .അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെപ്ടിക്ക് ടാങ്കുമായി ബന്ധതെട്ടുള്ളത്. ഒരു വർഷം മുമ്പ് 15 ലക്ഷം മുടക്കി നിർമ്മിച്ച സെപ്ടിക് ടാങ്ക് പൊട്ടിയൊലിച്ച് പ്രദേശമാകെ ദുർഗന്ധത്തിലാക്കുകയാണ്.അടിയന്തിരമായി പരിഹരിക്കേണ്ട ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. കെട്ടിടത്തിന്റെ വരാന്തകളിലും റൂമുകളിലുമായി വിരിച്ച ടൈലുകളാകാട്ടെ പൊട്ടി പൊളിഞ്ഞ് പോയിട്ടുണ്ട്. സീലിംഗ് പൊളിഞ്ഞ് വെള്ളം ചോരുന്നതിനാൽ പല ഫ്‌ളാറ്റുകളിലും പടുതാ വലിച്ച് കെട്ടിയാണ് കഴിയുന്നത്..ഫ്‌ളാറ്റുകളുടെ ഗ്രില്ലുകൾ തുരുമ്പെടുത്ത് പലയിടങ്ങളിലും അടർന്ന് പോയിരിക്കുക്കയാണ്.. ഇത്തരം ഭാഗങ്ങളിൽ വീട്ടുകാർ തുണികൾകൊണ്ട് ഗ്രില്ലുകൾ കെട്ടിവച്ചിരിക്കുന്നത്. എം.എൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം മുടക്കി നിർമ്മിച്ച കുടിവെള്ള കിണറിൽ നിന്നും പൈപ്പു കണക്ഷൻ എല്ലാ നിലകളിലേക്കും ക്രമീകരിച്ചിട്ടില്ലാത്തതിനാൽ മുകൾ നിലകളിൽ താമസിക്കുന്ന കുടുബംങ്ങൾ താഴെത്തെ നിലയിൽ നിന്നും കലത്തിൽ വെള്ളം ചുമന്നാണ് മുകളിലേക്ക് കൊണ്ടുപോകുന്നത്. ഫ്‌ളാറ്റിലെ 4 ലിഫ്ടുകളും ബാറ്ററി നശിച്ച് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. . 6ാം നിലയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന 25,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന 6 വാട്ടർ ടാങ്കുകളിൽ പലതും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തിൽ പരാതികൾ സമർപ്പിക്കുന്നതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരികരിച്ചില്ലെന്നാണ് താമസക്കാരുടെ പരാതി.

ലിഫ്ട് തകരാറിലായിട്ട് മാസങ്ങൾ

കുടിവെള്ളം ചുമന്ന് മുകൾ നിലയിലെത്തിക്കണം

സെപ്ടിക്ക് ടാങ്ക് ചോർന്നൊലിക്കുന്നു

ഗ്രില്ലുകൾ തുരുമ്പെടുത്തു