വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കൽ ഇന്ന് രാവിലെ 6.45 നും 8.35നുമുള്ള മൂഹൂർത്തത്തിൽ ക്ഷേത്ര കലവറയിൽ നടക്കും. വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണിത്. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്.ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മിഷണർ കെ.ശ്രീലത ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരാനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.ജി മധുവിനെ എൽപ്പിക്കും. പ്രതീകന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് വീഴ്ചവരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ എറ്റുവാങ്ങുന്നതായി വിശ്വാസം. ഒക്ടോബർ 11, 13, 15, 17 തീയതികളിലാണ് പുള്ളി സന്ധ്യ വേല. നവംബർ 16നാണ് വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ്. വൈക്കത്തഷ്ടമി 27നാണ്. അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന ക്ഷേത്ര ശുചീകരണം ഇന്ന് രാവിലെ 7 ന് ദേവസ്വം ബോർഡംഗം പി.എം തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.