കോട്ടയം : വിവിധ കേരളാകോൺഗ്രസ് ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ പാർട്ടി ജന്മദിസമ്മേളനം വിവിധ പരിപാടികളോടെ നടത്തി. കേരളത്തിലാകെ 7500 ലേറെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങങ്ങളിൽ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ ജോസ് കെ.മാണി പതാക ഉയർത്തി. പത്ത് മാസമായി കർഷകർ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ കഴിയാതെ വന്നപ്പോൾ മണ്ണിന്റെ മക്കളെ കൊലപ്പെടുത്താൻ കേന്ദ്രഭരണകൂടം ശ്രമിക്കുകയാണെന്ന് ജോസ് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നിർമ്മല ജിമ്മി, സഖറിയാസ് കുതിരവേലി,വിജി എം.തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടി ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ജോസഫ് വിഭാഗം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ജന്മദിന റാലിയും, പുതിയ കൊടിമരങ്ങൾ സ്ഥാപിച്ച് പാർട്ടി പതാകയും ഉയർത്തി.പാർട്ടി ആസ്ഥാനത്ത് പി.ജെ.ജോസഫ് പതാക ഉയർത്തി ജന്മദിന കേക്ക് മുറിച്ചു.കർഷക വിരുദ്ധ നിലപാടുകൾ മുഖമുദ്രയാക്കിയ സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്നതെന്നും കർഷകദ്രോഹ നടപടികളുടെ കാര്യത്തിൽ ഇവർ മത്സരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ്, ജോസഫ് എം.പുതുശ്ശേരി, മാത്യു സ്റ്റീഫൻ, ഇ.ജെ.ആഗസ്തി, ഡോ.ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പിൽ എന്നിവർ പ്രസംഗിച്ചു.