തെരുവുനായ്ക്കളുടെ കടികൊള്ളാതെ നടത്തേണമേ എന്ന് പ്രാർത്ഥിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. പകലും രാത്രിയും നായ്ക്കളുടെ കടിയേൽക്കാതെ ജില്ലയിലൊരിടത്തും നടക്കാനാവാത്ത ഗുരുതരസ്ഥിതി. ഇതേക്കുറിച്ച് ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളോട് പരാതിപ്പെട്ടാൽ എ.ബി.സി വന്ധ്യംകരണപദ്ധതി നിറുത്തിയതാണ് കുഴപ്പമെന്ന് പറഞ്ഞു തങ്ങളീ നാട്ടുകാരേ അല്ലെന്ന മട്ടിൽ തലയൂരും. കാറിൽ പായുന്ന ജനപ്രതിനിധികൾക്ക് തെരുവു നായ്ക്കളെ പേടിക്കേണ്ട കാര്യമില്ലല്ലോ ? കാൽനടയാത്രക്കാരായ സാധാരണക്കാരെയല്ലേ തെരുവു നായ്ക്കൾ ആക്രമിക്കൂ.
നേരത്തേ തദ്ദേശസ്ഥാപനങ്ങൾ പട്ടിപിടിത്തക്കാരെ നിയോഗിച്ചായിരുന്നു നായ്ക്കളെ കൊന്നിരുന്നത്. പേ പിടിച്ച നായ്ക്കളാണെങ്കിലും കൊന്നാൽ കൊല്ലുന്നവൻ അകത്താവുന്ന നിയമം കൊണ്ടുവന്നതോടെ പട്ടിപിടിത്തവും ഇല്ലാതായി. തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടു വിടുന്ന പദ്ധതി കൊട്ടും കുരവയുമായി ജില്ലാതലത്തിൽ ആരംഭിച്ചെങ്കിലും തെരുവു നായ്ക്കളുടെ എണ്ണം കൂടിയതേയുള്ളൂ.
കൊവിഡ് കാലമായതോടെ ഭക്ഷണവും കുറഞ്ഞതോടെ തെരുവ് നായ്ക്കൾ അക്രമാസക്തരാണ്. കടികൊള്ളാതെ നടക്കണമെങ്കിൽ പി.പി.ഇ കിറ്റ് ധരിക്കേണ്ട അവസ്ഥ. നായ്ക്കളെ വന്ധ്യംകരണം നടത്തിയ വകയിൽ ഏഴു ലക്ഷം രൂപ കുടുംബശ്രീയ്ക്ക് കൊടുക്കാനുണ്ട്. ജന്തു ക്ഷേമ ബോർഡിന് കീഴിലുള്ള സംഘടനകളെ ഇപ്പണിക്കു കിട്ടിയതുമില്ല. ഉണ്ടു മടുത്ത തമ്പുരാന് വിളിതോന്നിയെന്നു പറഞ്ഞതു പോലായി കോടതിയെ സമീപിച്ച് കുടുംബശ്രീക്കാരുടെ വയറ്റത്തടിക്കുകയും പാവപ്പെട്ട നാട്ടുകാരെക്കൊണ്ട് തെരുവുനായ്ക്കളെ കടിപ്പിക്കുകയും ചെയ്ത ജന്തു പ്രേമികളുടെ നടപടി.
പഞ്ചായത്ത് നഗരസഭാ തലത്തിൽ തെരുവുനായ്ക്കളെ പിടികൂടി ആവശ്യമായ ഭക്ഷണം നൽകി പ്രത്യേകം പാർപ്പിക്കാൻ സംവിധാനമൊരുക്കിയാൽ തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാം. വന്ധ്യംകരണവും അവിടെ കൃത്യമായി നടത്താം പാലായിൽ വിജയകരമായി ഇത് പരീക്ഷിച്ചു നോക്കിയതാണ്. ഇങ്ങനെ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കികൂടേയെന്ന നിർദ്ദേശം ചുറ്റുവട്ടം ബന്ധപ്പെട്ടവർക്ക് മുന്നിൽ വച്ചപ്പോൾ "ഒരു പ്രദേശത്തുള്ള നായ്ക്കളെ പിടികൂടി മാറ്റിയാൽ പുതിയ സംഘം നായ്ക്കൾ അവിടെത്തുമെന്ന വിചിത്ര വാദമാണ് ജനപ്രതിനിധികളിൽ നിന്നുണ്ടായത്. എ.ബി.സി പദ്ധതിയ്ക്ക് കേന്ദ്ര ഫണ്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരുവ് നായ്ക്കളെ പിടിച്ച് പ്രത്യേകം പാർപ്പിക്കുന്ന പരിപാടിയ്ക്ക് ഫണ്ടില്ല. അതാണോ വന്ധ്യംകരണ പദ്ധതിയോട് ജനപ്രതിനിധികൾക്ക് കൂടുതൽ താത്പര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.