കോട്ടയം : പാൻകാർഡ് പുതുക്കാനെന്ന പേരിൽ ഫോണുകളിലേക്ക് വരുന്ന ലിങ്കിൽ തലവച്ച് പണം നഷ്ടപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥനും, റിട്ട.ബാങ്ക് മാനേജരും. രണ്ടാഴ്‌ചയ്‌ക്കിടെ ജില്ലയിൽ എട്ടു പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. യോനോ ആപ്പിന്റെ പേരിൽ വ്യാജ ലിങ്ക് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തതിനെ തുടർന്നു തട്ടിപ്പിന് ഇരയായതായി കാട്ടി പ്രവാസി മലയാളിയാണ് ആദ്യം പരാതി നൽകിയത്. ഇതിന് പിന്നിൽ ജാർഖണ്‌ഡിൽ നിന്നുള്ള സംഘമാണ് സൈബർസെൽ കണ്ടെത്തി. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ നെയിമും പാസ്‌വേഡും ചോദിക്കും. പിന്നാലെ ഒ.ടി.പി ലഭിക്കും. ഇത് ആഡ് ചെയ്യുമ്പോൾ തന്നെ അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിപ്പ് സംഘം പിൻവലിക്കും.
ജാഗ്രത പാലിക്കണം
എസ്.എം.എസിനൊപ്പം ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
അജ്ഞാതമായ ലിങ്കുകളിൽ യൂസർ നെയിമും പാസ്‌വേർഡും നൽകരുത്
ഒ.ടി.പി അംഗീകാരമില്ലാത്ത വെബ് സൈറ്റുകളിൽ ആഡ് ചെയ്യാതിരിക്കുക