വൈക്കം : തളർന്നുപോയ ശരീരത്തിലെ തളരാത്ത മനസ് ഹരിതാഭമാണ്. ഊന്നുവടിയുടെ സഹായത്തോടെ മണ്ണിൽ പൊന്നു വിളയിച്ച് ഒരു നാടിനാകെ പ്രചോദനമാകുകയാണ് ജൈവ കൃഷിയുടെ പ്രചാരകനായ തലയാഴം കൂവം പുളിക്കാശ്ശേരിൽ മക്കൻ ചെല്ലപ്പൻ. കാർഷിക ഗ്രാമമായ വെച്ചൂരിനെ സമ്പൂർണ പച്ചക്കറി ഗ്രാമമാക്കാനുള്ള ഉദ്യമമാണ് ഇക്കുറി ചെല്ലപ്പൻ ഏറ്റെടുത്തിരിക്കുന്നത്. വെച്ചൂരിലെ മുഴുവൻ വീടുകളിലും തരിശുപുരയിടങ്ങളിലും തൊഴിലുറപ്പ് , കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി. ഭരണ - പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ഒരേ മനസോടെ പഞ്ചായത്തിനെ പച്ചക്കറി സ്വയംപര്യാപ്തമാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ചേർത്തല ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡായ വടകരയിൽ കുടുംബശ്രീ അംഗങ്ങളുടെ എട്ട് തോട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങളുടെ രണ്ടു കൃഷിയിടങ്ങൾ, വിദ്യാർത്ഥികളുടെ രണ്ടു കൃഷി തോട്ടങ്ങൾ എന്നിവിടങ്ങളിൽ ചെല്ലപ്പൻ സൗജന്യമായി പച്ചക്കറി തൈകൾ നൽകി കൃഷി നടത്തി നൂറുമേനി വിളവ് നേടിയിരുന്നു. ഈ കൃഷിയിടങ്ങളിൽ കർഷകർക്കൊപ്പം ശാരീരിക അവശതകൾ മാറ്റിവച്ച് മക്കൻ കൃഷിയെ പരിപാലിച്ചത് രണ്ടരമാസമാണ്.
അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം
അഴിമതിക്കെതിരെയുള്ള സമരമുഖത്ത് മക്കൻ എന്നും തനിച്ചായിരുന്നു. മരരൂപങ്ങളും വേറിട്ടതായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാത്ത ഒറ്റയാൾ പോരാട്ടങ്ങളെ അധികാരികൾ എന്നും അവഗണിച്ചു. മക്കൻ ഉന്നയിച്ച ആവശ്യങ്ങളുടെ ഗുണഭോക്താക്കളായേക്കാവുന്നവർ തന്നെ പലരും കച്ചേരിക്കവലയിൽ ചെളികൊണ്ട് പ്രതീകാത്മക ഓര് മുട്ടുണ്ടാക്കി നനഞ്ഞ് വിറച്ച് അതിൽ കിടന്ന് സമരം ചെയ്ത മക്കനെ നോക്കി കളിയാക്കി ചിരിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ സ്വയം കുരിശിലേറി ഒരു പകൽ മുഴുവൻ കിടന്ന മക്കന് കിറുക്കാണെന്ന് ചിലരെങ്കിലും പറഞ്ഞു. മക്കൻ പിന്തിരിഞ്ഞില്ല. ഒടുവിൽ വ്യവസ്ഥിതിയുടെ അവഗണനയിൽ മനംനൊന്ത് കളക്ടറേറ്റിലെ വാകമരത്തിൽ കയറി കഴുത്തിൽ കയറിട്ട് താഴേക്ക് ചാടി മരിക്കാൻ മക്കൻ തീരുമാനിച്ചു. അഭ്യുദയകാംക്ഷികളിൽ ചിലർ വിവരമറിഞ്ഞെത്തി ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. ആ മരത്തിൽ നിന്നിറങ്ങി വന്ന മക്കൻ പുതിയൊരാളായിരുന്നു.
ജൈവകൃഷിയിലൂടെ പുതിയ സമരമുഖം
പിന്നീട് ജൈവകൃഷിയിലൂടെ പുതിയ സമരമുഖം തുറന്നു. സാമൂഹ്യ വിരുദ്ധർ പലവട്ടം മക്കന്റെ കൃഷി നശിപ്പിച്ചു. പക്ഷെ സ്ക്കൂളിലും പൊലീസ് സ്ഷറ്റേനിലും ആശുപത്രി വളപ്പുകളിലുമെല്ലാം മക്കൻ പണം വാങ്ങാതെ പണിയെടുത്തു, കൃഷിക്കായി. 2018 ഡിസംബറിൽ കൃഷിസ്ഥലത്ത് വീണ് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്നു. അവിടെ നിന്ന് മനക്കരുത്തിൽ ഉയിർത്തെഴുന്നേറ്റ മക്കൻ കുറച്ചു കാലമായി കൃഷിയിൽ സജീവമാണ്.