കുമരകം: പെണ്ണാർ തോടിന്റെ മുഖവാരം മുതൽ മണിയാപറമ്പ് ജെട്ടി വരെയുള്ള ഭാഗങ്ങളിലെ തോടിന്റെ ആഴംകൂട്ടൽ നടപടികൾക്ക് തുടക്കമായി. അയ്മനം, ആർപ്പൂക്കര തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇരുകരകളിൽ നിന്നും തോട്ടിലേക്ക് വീണുകിടക്കുന്ന മരങ്ങൾ വെട്ടിനീക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കും. ഇറിഗേഷൻ വകുപ്പ് അനുവദിച്ച 86 ലക്ഷം രൂപയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ആർപ്പൂക്കര സ്വദേശി ആൽഫാ ജോസഫിനാണ് നിർമ്മാണ കരാർ . കായൽ മുഖവാരത്തും ചീപ്പുങ്കൽ പാലത്തിന് അടിയിലും അടിഞ്ഞുകൂടിയ എക്കൽ കരീമഠം പ്രദേശത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമാകുന്നതായി പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. പെണ്ണാർ തോടിന്റെ തീരത്തെ പാടശേഖരങ്ങൾ മട വീണു നശിക്കാനും ഇത് പ്രധാന കാരണമാണ്. മുൻവർഷങ്ങളിൽ നീക്കം ചെയ്തിരുന്ന കട്ടയും എക്കലും വീണ്ടും തോട്ടിലേക്കും കായലിലേക്കും ഒഴുകി എത്തിയിരുന്നതായി പരാതി ഉയർന്നിരുന്നു. ഇത് ഒഴിവാക്കാൻ പാടശേഖരസമതികൾക്കോ സ്വകാര്യ വ്യക്തികൾക്കോ നീക്കം ചെയ്യുന്ന കട്ടകൾ നൽകാനാണ് തീരുമാനം. ആവശ്യമുള്ളവർ ഇറിഗേഷൻ വകുപ്പ് എൻജിനീയറുമായി ബന്ധപ്പെടണം. വർഷംതോറും എക്കൽ നീക്കം ചെയ്യുന്നതിന് ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും കരീമഠം പ്രദേശവാസികൾക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്
ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന കട്ട പാടശേഖരസമതികൾ ഉപയോഗിക്കാൻ മുന്നോട്ടുവന്നാൽ പദ്ധതികൊണ്ട് ഇരട്ട നേട്ടമുണ്ടാകും.
രതീഷ് . കെ.വാസു .
ബ്ലോക്ക് പഞ്ചായത്ത് അംഗം
..................................................
മുൻ കാലങ്ങളിൽ കോലടിച്ചിറ ഭാഗത്ത് ആഴം കൂട്ടലിന്റെ പേരിൽ എക്കലും ചെളിയും യന്ത്രം ഉപയോഗിച്ചു കലക്കിവിടുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷവും പാഴ് ചെലവുമാണ് വരുത്തിയത്. ഇത്തവണ ഇതിനൊരു മാറ്റം പ്രതീക്ഷിക്കുന്നു.
സജിമോൻ കരീമഠം
പ്രദേശവാസി