മുണ്ടക്കയം ഈസ്റ്റ് : ഡ്രൈവർമാരുടെ കാഴ്ചമറച്ച് നിരനിരയായി പരസ്യ ബോർഡുകൾ. ഇങ്ങനെ അപകടക്കെണി തീർക്കുമ്പോഴും അധികൃതർ മാത്രം ഇതൊന്നും കാണുന്നില്ല. കൊട്ടാരക്കര ദിണ്ഡികൽ ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുമളി വരെ പാതയുടെ ഇരുവശങ്ങളിലുമാണ് സ്ഥാപിച്ച സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നിയലംഘനമെന്ന് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും നടപടി മാത്രം ഉണ്ടായിട്ടില്ല.

പെരുവന്താനം, കൊടികുത്തി ഭാഗത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കൊടും വളവിൽപോലും കാഴ്ച മറയ്ക്കുന്ന രീതിയിൽ പാതയോരത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും മലവെള്ളപാച്ചിലിലും ബോർഡുകൾ പലതും നിലപൊത്താറായ അവസ്ഥയിലാണ്. കൊടികുത്തി വ്യൂ പോയിന്റിനു സമീപം പരസ്യ ബോർഡിന്റെ താഴ്ഭാഗം ഇടിഞ്ഞ നിലയിലാണ്. അപകടം വിളിപ്പാടകലെയായിട്ടും ബോർഡുകൾ നീക്കാൻ സ്ഥാപന ഉടമകൾ തയാറായിട്ടില്ല.അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിയമവിരുദ്ധം


പാതയോരത്ത് അപകടകരമായ രീതിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണന്ന് ദേശീയപാത എ.എക്‌സി.സിനിമെറിൻ ഏബ്രഹാം പറഞ്ഞു. ഇതുസംബന്ധിച്ചു യാതൊരു അനുമതിയും ദേശീയപാത വിഭാഗം നൽകിയിട്ടില്ല. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ അടുത്തയിടെ നീക്കം ചെയ്തിരുന്നു. അടിയന്തിരമായി പരിശോധന നടത്തി നിലനിലുള്ള ബോർഡുകൾ നീക്കുമെന്നും എ.എക്‌സി അറിയിച്ചു.