പൊൻകുന്നം: പനമറ്റം തെങ്ങുംപള്ളിൽ വീടിന് മുന്നിൽ നാഗപ്പോള ചെടി പൂത്തത് കൗതുകകാഴ്ചയായി. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ ശീതപ്രദേശങ്ങളിൽ പൂവിടുന്ന നാഗപ്പോള കേരളത്തിൽ പൂക്കുന്നത് അപൂർവമാണ്. പനമറ്റം തെങ്ങുംപള്ളിൽ റിട്ട.സർവേയർ കൃഷ്ണൻകുട്ടി നായരുടെയും ഗീതാ കെ.നായരുടെയും വീട്ടിലാണ് ചെടി പൂത്തത്.15 അടിയോളം ഉയരത്തിൽ വളർന്ന തണ്ടിന്റെ അഗ്രത്തിലാണ് പൂക്കൾ വിരിയുന്നത്.

ആനക്കൈത, അതിരക്കൈത എന്നീ പേരുകളിലും അറിയപ്പെടുന്ന ഈയിനം ചെടി ബ്രിട്ടീഷുകാരാണ് കേരളത്തിൽ എത്തിച്ചത്. അവരുടെ ബംഗ്ലാവുകളുടെ പരിസരം കമനീയമാക്കാൻ വെച്ചുപിടിപ്പിച്ചിരുന്ന ചെടികളാണിവ. അഗേവ് സിസലാന എന്നാണ് ശാസ്ത്രീയ നാമം.