കുറവിലങ്ങാട് : പൊതുമരാമത്ത് വകുപ്പ് എം.സി റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പ് സ്പീഡ് ബ്രേക്കർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട്ട് നാളെ ജനകീയ സമരം. എം.സി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കോഴാ സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിലാണ് സമരം. എം.സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, കോഴാ ജംഗ്ഷന് സമീപം, വെമ്പള്ളി, കുറവിലങ്ങാട് വൈക്കം റോഡിൽ തോട്ടുവാ എന്നിവിടങ്ങളിലാണ് അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ സ്ട്രിപ്പ് സ്പീ ഡ് ബ്രേക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സമീപവാസികളും വ്യാപാരികളും പൊതുമരാമത്ത് വകപ്പിനും മന്ത്രി മുഹമ്മദ് റിയാസ്, മോൻസ് ജോസഫ് എം.എൽ.എ എന്നിവർക്കും പരാതി നൽകിയിരുന്നു. ജനകീയ സമരത്തിൽ മേഖലയിലെ എല്ലാ രാഷട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സംഘടനാ ഭാരവാഹികളും പങ്കെടുക്കുമെന്ന് എം.സി റോഡ് സംരക്ഷണസമിതി ചെയർമാൻ ജോജോ ആളോത്ത് കൺവീനർ റാൾഫ് ആന്റണി എന്നിവർ പറഞ്ഞു.