കോട്ടയം : അടിമുടി വിലക്കയറ്റത്തിൽ ആടി ഉലയുകയാണ് അടുക്കള. റോക്കറ്റുപോലെ കുതിക്കുന്ന പാചക വാതക വിലയ്ക്ക് പിന്നാലെ സവാളയും തക്കാളിയും അടക്കം പച്ചക്കറി വിലയും ഉയർന്നു. നട്ടെല്ലൊടിക്കുന്ന വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് മുളക് പൊട്ടിച്ചും അച്ചാറുമൊക്കെയായി കറികൾ ചുരുക്കേണ്ട ഗതികേടാണ്.
സബ്സിഡി നിറുത്തലാക്കിയതിനൊപ്പം കൈയും കണക്കുമില്ലാതെ കുതിക്കുകയാണ് പാചകവാതക വില. കഴിഞ്ഞദിവസം 15 രൂപ കൂട്ടിതോടെ സിലിണ്ടറിന് തൊള്ളായിരത്തിന് മുകളിലെത്തി. ഡെലിവറി ചാർജ് വേറെയും. കഴിഞ്ഞ 4 മാസത്തിനിടെ 90.50 രൂപയാണ് പാചക വാതകത്തിനുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ 694 രൂപയായിരുന്ന വില ഈ വർഷത്തെ കണക്കെടുത്താൽ 300 രൂപയോളം വർദ്ധിച്ചു.
അപ്രതീക്ഷിത മഴയിൽ പച്ചക്കറിവില കൂടി
ഓണത്തിന് പോലും കുറഞ്ഞു നിന്നിരുന്ന പച്ചക്കറി വിലയാണ് കുതിക്കുന്നത്. മാസങ്ങളായി തുടരുന്ന ഇന്ധനവില വർദ്ധനയ്ക്ക് ആനുപാതികമായി പച്ചക്കറി വിലയും മെല്ലെ ഉയരുന്നുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ മഴ ചതിച്ചതോടെയാണ് സവാള വില ഉയർന്നത്. ഒരാഴ്ച മുമ്പ് 25 രൂപയ്ക്ക് വിറ്റിരുന്ന സവാളയ്ക്ക് ഇപ്പോൾ ചില കടകളിൽ 50 ന് മുകളിലാണ്. ഏറെക്കാലമായി 20 രൂപയോ,അതിൽ താഴെയോ നിന്നിരുന്ന തക്കാളിയുടെ ചില്ലറ വില 60 രൂപയിലെത്തി. കാരറ്റ് വില എഴുപതിന് മുകളിലാണ്. മൈസൂർ, കോയമ്പത്തൂർ, മേട്ടുപാളയം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കോട്ടയം മാർക്കറ്റിൽ പച്ചക്കറി കൂടുതലായെത്തുന്നത്. ഡീസൽ വില വർദ്ധനയെത്തുടർന്നു വണ്ടി വാടക വർദ്ധിച്ചതും വില വർദ്ധനയ്ക്കു കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു.
പാചക വാതക വിലക്കയറ്റം
ജനുവരി 1: 694
ഫെബ്രുവരി 2 : 726
ഫെബ്രുവരി 18 : 778
മാർച്ച് 1 : 826
ജൂലൈ 1 : 842
ഓഗസ്റ്റ് 18 : 869
സെപ്തംബർ 1 : 899.50
ഒക്ടോബർ 6 : 915
പച്ചക്കറി വില
ശനിയാഴ്ച
സവാള : 55
ഉരുളക്കിഴങ്ങ് : 40
പയർ : 45 -50
കാരറ്റ് : 70-80
ബീറ്റ് റൂട്ട് - 50
കോവയ്ക്ക - 45
വെണ്ടയ്ക്ക - 40
പച്ചമുളക് - 50
വെള്ളരി - 30
പടവലങ്ങ - 30
ഇങ്ങനെ പോയാൽ വിലക്കയറ്റത്തിൽ പൊറുതി മുട്ടി ജനം തെരുവിൽ ഇറങ്ങേണ്ടി വരും. ചെലവ് കൂടുമ്പോൾ വരുമാനം കൂടുന്നില്ല. ഗ്യാസ് അടുപ്പ് പരമാവധി ഒഴിവാക്കുകയാണ്. അവിയലും സാമ്പാറുമൊക്കെ വല്ലപ്പോഴുമാക്കി
ശ്രീലത, വീട്ടമ്മ