കോട്ടയം : എ.ടി.എം കാർഡ് മാതൃകയിൽ ചിപ്പോടുകൂടിയ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലയിൽ ആരംഭിച്ചു. കാർഡുകളിൽ തിരുത്തൽ വരുത്തുന്നതിനും, പേരുകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള നടപടികൾ ഇന്നലെ പൂർത്തിയായി. നവംബർ 1 മുതൽ കാർഡ് വിതരണം ചെയ്ത് തുടങ്ങും. തിരുത്തൽ സംബന്ധിച്ച് 328 അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. ഈ അപേക്ഷകളിൽ തിരുത്തൽ വരുത്തിയവർക്ക് ലഭിക്കുന്നത് എ.ടി.എമ്മിന് സമാനമായ രീതിയുള്ള സ്മാർട്ട് കാർഡായിരിക്കും. അക്ഷയ കേന്ദ്രങ്ങളിൽ എത്തി കാർഡുകളിൽ തിരുത്തൽ വരുത്തുന്നവർക്ക് താത്കാലികമായി ഇ-കാർഡാണ് നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് റേഷൻ കടകളിലെ വിവരങ്ങളെല്ലാം സമ്പൂർണമായും ഓൺലൈനിലായത്. ഇ പോസ് യന്ത്രവും സ്ഥാപിച്ചു.
പോക്കറ്റിൽ കൊണ്ടുനടക്കാം
പോക്കറ്റിൽ കൊണ്ടു നടക്കാൻ സാധിക്കുന്ന കാർഡിൽ ബാർകോഡും, ക്യൂ ആർ കോഡും ഉണ്ടാകും. ഭാവിയിൽ റേഷൻ കാർഡ് ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ എത്തിക്കുമ്പോൾ ഈ ക്യു ആർ കോഡോ, ബാർകോഡോ സ്കാൻ ചെയ്താൽ മതി.
സ്മാർട്ട് കാർഡ് ഇങ്ങനെ
ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസവരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമാണ്. താലൂക്ക് സപ്ലൈ ഓഫീസിന്റെയും, ജില്ലാ സപ്ലൈ ഓഫീസിന്റെയും, റേഷനിംഗ് ഇൻസ്പെക്ടറുടെയും നമ്പരും ഉൾപ്പെടുത്തും.