അടിമാലി: കല്ലാറിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമിക്കുന്ന കാര്യത്തിൽ വർഷം മൂന്നായിട്ടും തീരുമാനമില്ല. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് താഴ്‌ത്തെ കല്ലാറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ച് വരുന്നത്. 2018ലെ പ്രളയത്തെ തുടർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ സമീപത്ത് തന്നെയുള്ള മറ്റൊരു താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം തുടരുകയായിരുന്നു. കുരിശുപാറയടക്കമുള്ള മേഖലകളിൽ നിന്ന് ആളുകൾ പ്രാഥമിക ചികിത്സകൾക്കായി കല്ലാറിലെ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. നവജാത ശിശുക്കളുടെ പ്രതിരോധകുത്തിവയ്പ്പുകൾക്കുൾപ്പെടെ ആളുകൾ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്താറുണ്ട്. എന്നാൽ ഇതുവരെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണകാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം ഉടൻ വേണമെന്ന ആവശ്യവുമായി സമീപവാസികൾ രംഗത്തെത്തിയിട്ടുള്ളത്.