ഗാന്ധിനഗർ : മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയരാകുന്നതിൽ ഭൂരിപക്ഷം പേരും സമൂഹത്തിലും, കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടുന്നതിനാൽ അവർക്കായി കൂടുതൽ പുനരധിവാസ കേന്ദ്രo അനുവദിക്കണമെന്നും, അവരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്നും ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ പറഞ്ഞു. ലോകമാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിവിഭാഗവും, നവജീവൻ ട്രസ്റ്റും സംഘടിപ്പിച്ച മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനുള്ളിൽ കോട്ടയം ടൗണിൽ നിന്ന് മാത്രം അലഞ്ഞു തിരിഞ്ഞു നടന്ന 41 സൈക്യാട്രി രോഗികളെ പല മാനസിക പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. 15നും 18 നും ഇടയിൽ പ്രായമുള്ള 200 ൽ അധികം കുട്ടികളെ അധികസമയ മൊബൈൽ ഉപയോഗം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
സർക്കാർ നയരൂപീകരണ സമിതിയിൽ മാനസികാരോഗ്യ ചികിത്സയ്ക്ക് പരിഗണ നൽകാനും, മാനസികാരോഗ്യം പാഠ്യവിഷയമാക്കുന്നതിനുമുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് സൈക്യാട്രി വിഭാഗം മേധാവി ഡോ.വർഗ്ഗീസ് പുന്നൂസ് ആവശ്യപ്പെട്ടു. നവജീവൻ ട്രസ്റ്റി പിയു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ജി.സജി, ഡോ.ഗംഗ ജി കൈമൾ, ഡോ.ദിവ്യ എന്നിവർ പ്രസംഗിച്ചു. നവജീവൻ കുടുംബാഗങ്ങൾ പങ്കെടുത്ത ലോകമാനസികാരോഗ്യ ദിനാചരണ സന്ദേശറാലി ഡോ. വർഗ്ഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ വിദ്യാർത്ഥി യൂണിയൻ അദ്വികയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാനസികാരോഗ്യ സന്ദേശ വീഡിയോ പ്രദർശനത്തിന്റെയും, നഴ്സിംഗ് കോളജ് വിദ്യാർത്ഥികൾ സമ്മർദാതി ജീവനം എന്ന വിഷയത്തിൽ തയ്യാറാക്കിയ വീഡിയോയും പ്രകാശനം ചെയ്തു.