ഏഴാച്ചേരി: ശിവഗിരിയിലെ ശാരദാദേവിയുടെ ചൈതന്യം നിറഞ്ഞ പവിത്രമണൽ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ സമർപ്പിച്ചു. വെള്ളപ്പട്ടിൽ പൊതിഞ്ഞാണ് പഞ്ചാരമണൽ കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചത്. മേൽശാന്തി രാജ്ഭവൻ ദാമോദരൻ നമ്പൂതിരി ദേവസ്വം പ്രസിഡന്റ് റ്റി.എൻ.സുകുമാരൻ നായർ, ഏഴാച്ചേരി 158ാം നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി കെ.ആർ. ദിവാകരൻ നീറാക്കുളം എന്നിവർ ചേർന്ന് പവിത്രമണലും തൂലികകളും ഏറ്റുവാങ്ങി.
ശിവഗിരി ശാരദാമഠത്തിൽ നിന്നും എത്തിച്ച മണലും തൂലികാ പൂജയ്ക്കുള്ള പേനകളും തുമ്പയിൽ രാമകൃഷ്ണൻ നായരാണ് ക്ഷേത്രസോപാനത്തിൽ സമർപ്പിച്ചത്. ഇത്തവണ വിജയദശമി നാളിൽ കാവിൻപുറം ക്ഷേത്രത്തിൽ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാക്ഷേത്രാങ്കണത്തിലെ മണലാണ്.
നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജ ഇന്നലെ ആരംഭിച്ചു. 13ന് വൈകിട്ടാണ് പൂജവയ്പ്പ്. ഗ്രന്ഥം പൂജയ്ക്ക് സമർപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തൂലികാ പൂജയ്ക്ക് ശേഷം പേനകൾ പ്രസാദമായി വിതരണം ചെയ്യും. സവിശേഷമായ മധുരഫല മഹാനിവേദ്യ സമർപ്പണവും വിതരണവുമുണ്ട്. മുഴുവൻ ഭക്തർക്കും അവൽപ്രസാദം നൽകും. തൂലികാ പൂജയ്ക്ക് മേൽശാന്തി വടക്കേൽഇല്ലം നാരായണനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
വിജയദശമി നാളിൽ രാവിലെ 7.30 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. തൂലികാ പൂജയ്ക്കും പാരമ്പര്യ രീതിയിൽ മണലിൽ ഹരിശ്രീ കുറിക്കുന്നതിനും മുൻകൂർ ബുക്ക് ചെയ്യണം. ഫോൺ: 9745260444.