ചങ്ങനാശേരി: മഴ ശക്തമായതോടെ റവന്യൂ ടവറിന്റെ അകത്തളം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന ടവർ മഴ പെയ്താൽ ചോർന്നൊലിക്കും. ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഇവിടെ എത്തുന്നത്. ടവറിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാര ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഒട്ടനവധി സ്വകാര്യ ഓഫീസുകൾ തുടങ്ങി അറുപതോളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ടവറിനുള്ളിലെ വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ മേൽക്കൂര ഗ്ലാസ് കൊണ്ട് നിർമ്മിച്ച കമാനമാണ്. ഇവിടെ നിന്നും വീഴുന്ന വെള്ളമാണ് ടവറിനുള്ളിൽ കെട്ടിക്കിടക്കുന്നത്. ഗ്ലാസ് മേൽക്കൂരയിലെ ചോർച്ചയാണ് ഇതിനു കാരണം. നാളുകൾക്ക് മുൻപാണ് നാല് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ മുടക്കി മേൽക്കൂരയിലെ അറ്റകുറ്റപ്പണികൾ ചെയ്തത്. എന്നാൽ, ഇപ്പോഴും വെള്ളം വീഴുന്നതിൽ മാറ്റമില്ല. തുടർച്ചയായി പെയ്യുന്ന മഴയിൽ ടവറിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനവും ഇല്ല. മിക്ക ഓഫീസുകളുടെയും ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയാണ്. വെള്ളം പതിവായി കെട്ടിക്കിടക്കുന്നതിനാൽ, പായലും മറ്റും നിറഞ്ഞു കിടക്കുകയാണ്. ഗ്രൗണ്ട് ഫ്‌ലോറായതിനാൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ടവറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സമീപത്തു തന്നെയാണ് ടോയ്‌ലെറ്റുകളും പ്രവർത്തിക്കുന്നത്. ഇവയും വൃത്തിഹീനമായാണ് ഇവ കിടക്കുന്നത്. ടോയ്‌ലെറ്റിനകത്തും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ടവർ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പരിസരം കാട് മൂടിയും കുഴികളിൽ വെള്ളം നിറഞ്ഞും കിടക്കുന്ന നിലയിലാണ്. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ് ഇത്തരത്തിൽ ചോർച്ചയിലും നാശത്തിലും പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥ പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.