
ചങ്ങനാശേരി: കോടികൾ ചെലവഴിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി പോളയിൽ മുങ്ങി. സി.എഫ്.തോമസ് എം.എൽ.എയുടെ നിർദേശ പ്രകാരം കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പോള പൂർണ്ണമായി നീക്കം ചെയ്തിരുന്നു. ഈ കനാലാണ് ഇപ്പോൾ സംരക്ഷണമില്ലാതായതോടെ വീണ്ടും പോള നിറഞ്ഞത്. വെള്ളത്തിലെ പവലിയനുകളും നാശത്തിന്റെ വക്കിലാണ്. ചുറ്റുമതിലും മറ്റും ഇടക്കാലത്ത് നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
പോളയ്ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. ആലപ്പുഴ ചങ്ങനാശേരി റോഡിനു സമാന്തരമായി എ.സി കനാലിൽ മനയ്ക്കച്ചിറ മുതൽ കനാലിൽ പോള നിറഞ്ഞ് കിടക്കുകയാണ്. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയ്ക്കു പുറമെ കനാലിലെ പോളകൾ വാരി മാറ്റുന്നതിനു വേണ്ടിയും കോടികളാണ് ചിലവഴിക്കുന്നത്. പല തവണകളിലായി കോടികൾ മുടക്കി പോള നീക്കം ചെയ്തപ്പോൾ വീണ്ടും പോളശല്യം ഉണ്ടാകാതിരിക്കാൻ വേണ്ടിയും പോള വർദ്ധിയ്ക്കുന്നതിനു മുമ്പ് നീക്കം ചെയ്യുന്നതിനും ആളെ നിയമിക്കുമെന്നും കനാൽ സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങൾ നൽകിയെങ്കിലും നടപ്പായില്ല.
എ.സി കനാലിൽ നടന്നിരുന്ന ചങ്ങനാശേരി ജലോത്സവത്തിനു മന്നോടിയായി മുൻ വർഷങ്ങളിൽ ലക്ഷങ്ങൾ ചിലവഴിച്ചിരുന്നു. പോള നിറയുന്നതിനാൽ മത്സരം 5 വർഷമായി മുടങ്ങി. ശമ്പള വ്യവസ്ഥയിൽ പോള നീക്കം ചെയ്യുന്നതിന് ആളെ നിയമിക്കുന്നതിനുള്ളസി.എഫ്.തോമസ് ആലോചനകൾ നടന്നെങ്കിലും പദ്ധതി നടപ്പായില്ല. കാടും പടലവും പോളകളും നീക്കി, തുടർ സംരക്ഷണത്തിനു സംവിധാനം ഒരുക്കാത്തതിനാൽ ചെയ്യുന്നതെല്ലാം നഷ്ടമാവുകയാണ്. സമീപവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. പോളയും പൂവും അഴുകുന്നതോടെ വീണ്ടും പ്രദേശവാസികൾ ദുരിതം അനുഭവിക്കേണ്ടിവരും.