maram

മുണ്ടക്കയം: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ എ​രു​മേ​ലി കാ​ള​കെ​ട്ടി ക്ഷേ​ത്ര​ത്തിൽ, അ​യ്യ​പ്പ​ഭ​ക്ത​ർ വ​ലം​വയ്ക്കുന്ന ഐ​തി​ഹ്യ​പ്പെ​രു​മയുള്ള ആ​ഞ്ഞി​ലി മ​രം ഉണങ്ങി. കാ​ല​പ്പ​ഴ​ക്ക​മോ, ഇ​ടി​മി​ന്ന​ലേ​റ്റ​തോ ആകാം ഉണങ്ങാൻ കാരണമെന്ന് സം​ശ​യിക്കുന്നു. വി​വ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വ​ന​പാ​ല​ക​രെ അ​റി​യി​ച്ചി​ട്ടുണ്ട്.
അ​യ്യ​പ്പ ഭ​ക്ത​ർ ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി ആ​ഞ്ഞി​ലി മ​ര​ത്തി​ന് വ​ലം​വച്ചു പ്രാ​ർ​ത്ഥി​ച്ച ശേ​ഷ​മാ​ണ് കാ​ന​ന പാ​ത​യി​ലൂടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന​ത്. 200 ഇ​ഞ്ചോ​ളം വ​ണ്ണ​വും നാ​ൽ​പ്പ​ത​ടി​യി​ലേ​റെ ഉ​യ​ര​വു​മു​ള്ള ​മ​ര​ത്തി​ന് ചു​വ​ട്ടി​ൽ വി​ള​ക്കു​വ​ച്ചു പൂ​ജ​യു​ണ്ടാ​യി​രു​ന്നു. സമീപത്തെ ​ക്ഷേ​ത്ര​മു​റ്റ​ത്താണ് ഭ​ക്ത​ര്‍ യാ​ത്രാ​മ​ധ്യേ വി​രി​വ​യ്ക്കാ​റ്.

പ​ര​മ​ശി​വ​ൻ 'കാളയെ കെട്ടിയ' മരം

പ​ര​മ​ശി​വ​നും പാ​ർ​വ​തി​യും കാ​ള​യെ കെ​ട്ടി​യി​ട്ട​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന മ​ര​മാ​ണിത്. ഇതിന്റെ പേരിലാണ് ഈ പ്ര​ദേ​ശ​ത്തി​ന് കാ​ള​കെ​ട്ടിയെ​ന്ന പേ​ര് ല​ഭി​ച്ച​തും. ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​ലി​പ്പാ​ൽ തേ​ടി​പ്പോ​യ അ​യ്യ​പ്പ​ൻ മ​ഹി​ഷി​യെ വ​ധി​ക്കു​ന്ന​ത് കാ​ണാ​ൻ എത്തിയപ്പോഴാണ് പ​ര​മ​ശി​വ​നും പാ​ർ​വ​തി​യും ഈ ആ​ഞ്ഞി​ലി മ​ര​ത്തി​ൽ കാ​ള​യെ ബ​ന്ധിച്ചതെന്നാ​ണ് ഐ​തി​ഹ്യം. പി​ന്നീ​ട് കാ​ള​കെ​ട്ടി​യാ​ഞ്ഞി​ലി​ക്കു സ​മീ​പ​ത്താ​യി പ​ന്ത​ള രാ​ജാ​വ് ഒ​രു ശി​വ​ക്ഷേ​ത്രം പ​ണി​യു​ക​യും ആ​ഞ്ഞി​ലി​മ​രം ത​റ​കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു.