nedumudi

വൈക്കം: നെടുമുടിയെക്കുറിച്ച് ഓർക്കാൻ വൈക്കത്തിനുമുണ്ട് ചിലത്. 2019 ലെ വൈക്കത്തഷ്ടമിക്ക് കലയുടെ അരങ്ങുണർത്തിയത് നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്നാണ്. അഷ്ടമിക്ക് കൊടിയേറിക്കഴിഞ്ഞാലുടൻ കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിലും തുടർന്ന് കലാമണ്ഡപത്തിലും തിരി തെളിയിക്കും. കിഴക്കേനട കോയ്മാമഠത്തിൽ ആനന്ദാണ് ചടങ്ങിനായി അന്ന് നെടുമുടിവേണുവിനെ വിളിച്ചത്. ഫോണിൽ വിളിച്ചപ്പോൾ തൊടുപുഴയിൽ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം. മഹാദേവക്ഷേത്രത്തിലെ അഷ്ടമിയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്ന് പറഞ്ഞപ്പോൾ ഷൂട്ടിംഗിന്റെ തിരക്ക് കഴിഞ്ഞ് തിരികെ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ തിരികെ വിളിക്കുകയും ചെയ്തു. അഷ്ടമിയുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ സന്തോഷമായി.

കൊടിയേറ്റിന്റെ തലേന്ന് തന്നെ അദ്ദേഹം വൈക്കത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച് രാവിലെ ക്ഷേത്രത്തിൽ ദർശനം നടത്തി. കൊടിയേറ്റിന്റെ ചടങ്ങുകൾക്കെല്ലാം സാക്ഷിയായി. തുടർന്ന് നടരാജമൂർത്തിയുടെ കലാമണ്ഡപത്തിൽ നിലവിളക്കിൽ ഭക്തിപൂർവ്വം ദീപം പകർന്നു.

വൈക്കത്തപ്പനെ തൊഴണമെന്നത് നെടുമുടിയുടെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. അതിന് വഴിയൊരുക്കിയതിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.