മുണ്ടക്കയം: മഴ വീണ്ടും ശക്തമായതോടെ മലയോരമേഖലയിൽ ആശങ്ക. കനത്തമഴയിൽ മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമായി. തോടുകളിലെയും ,ആറുകളിലെയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പെരുവന്താനം ,മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകളിലെ ചില മേഖലയിൽ വ്യാപകമായി മണ്ണടിച്ചിൽ ഉണ്ടായി. കൊണ്ടാരക്കര-ദിണ്ഡിക്കൽ ദേശീയപാതയിൽ മരുതുംമൂട് മുതൽ മുറിഞ്ഞപ്പുഴ വരെയുള്ള സ്ഥലങ്ങളിൽ കൂറ്റൻ പാറക്കല്ല് ഉൾപ്പെടെയുള്ളവ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ പതിച്ചിരുന്നു.ഈ സ്ഥലങ്ങളിലെല്ലാം വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയാണ്. ഹൈറേഞ്ച് പാതയിൽ മരുതുംമൂട് മുതൽ മുറിഞ്ഞപ്പുഴ വരെയുള്ള ഭാഗത്ത് മൂടൽ മഞ്ഞും രൂക്ഷമാണ്. ഇതുമൂലം പാതയിലേക്ക് വീണ് കിടക്കുന്ന കല്ലും മണ്ണും വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്.