പാലാ: ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സ്‌റ്റേ സർവീസുകൾ അയയ്ക്കാത്തതിനാൽ സന്ധ്യമയങ്ങിയാൽ കോട്ടയത്തേയ്ക്കുള്ള യാത്രക്കാർ ദുരിതത്തിൽ. നിലവിൽ 7.20നുള്ള ഫാസ്റ്റ് ചെയിൻ സർവീസ് കഴിഞ്ഞാൽ രാത്രി 10ന് മൂലമറ്റത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള
ഫാസ്റ്റ് സർവീസ് എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. നേരത്തെ 7.45ന് പാലായിൽ എത്തിയിരുന്ന തൊടുപുഴ–കോട്ടയം
ചെയിൻ സർവീസാണ് സമയം പുനക്രമീകരിച്ച് 7.20ന് എത്തി കോട്ടയത്തേക്ക് നേരത്തെ തിരിക്കുന്നത്. പാലയിൽ നിന്നുള്ള രാത്രികാല സ്‌റ്റേ സർവീസുകൾ മൂന്നും നിർത്തിവച്ചതാണ് യാത്രാ പ്രതിസന്ധിക്ക് കാരണം. രാത്രി 8.15ന് പാലാ വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുള്ള പുള്ളിക്കാനം–കോട്ടയം ഓർഡിനറി സർവീസും ഒൻപതിനും 10നും പാലായിൽ നിന്ന് അയച്ചിരുന്ന ഓർഡിനറി സർവീസുകളും നിർത്തലാക്കിയത് ഇനിയും പുനരാരംഭിക്കാത്തതാണ് പാലായിൽനിന്ന് കോട്ടയത്തേക്കുള്ള രാത്രി യാത്ര ദുഷ്‌കരമാക്കുന്നത്.