testing
ഏലം ഡ്രയറിൽ പരിശോധന നടത്തുന്ന ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥൻ.

രാജകുമാരി: ഏലക്കായുടെ നിറം വർദ്ധിപ്പിക്കുന്നതിന് കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം ഹൈറേഞ്ചിലെ ഏലം ഡ്രയറുകളിൽ പരിശോധന തുടങ്ങി. ബൈസൺവാലി മേഖലയിൽ ഇന്നലെ 15 ഡ്രയറുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഏലക്ക കഴുകുന്നതിന് രാസവസ്തുക്കൾ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന 4 സ്റ്റോറുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ഇത് പരിശോധനക്ക് അയക്കും. ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഡ്രയറുകളുടെയും ഉടമകൾക്ക് നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്റ്റോറുകളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൃത്രിമ രാസവസ്തുക്കൾ ഉപയോഗിച്ച് ഏലക്ക കഴുകുന്നതും പച്ച നിറം വർദ്ധിപ്പിക്കുന്നതിനായി കളർ ചേർക്കുന്നതും ഒരു ലക്ഷം രൂപ പിഴയും 10 മാസം വരെ തടവും ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരായ എം.എൻ. ഷംസിയ, ബൈജു.പി. ജോസഫ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി