അടിമാലി: കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയിൽ കല്ലാറിന് സമീപമുള്ള കൊടുംവളവിലെ അപകട സാദ്ധ്യത ഒഴിവാക്കാൻ ഇടപെടൽ വേണമെന്നാവശ്യം.വീതി കുറഞ്ഞ ഈ ഭാഗത്ത് പാതയുടെ വിസ്താരം വർദ്ധിപ്പിക്കുന്നതിനായി നാളുകൾക്ക് മുമ്പിവിടെ കലുങ്കും സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു.എന്നാൽ ഈ ഭാഗത്ത് മണ്ണിട്ട് നികത്താനോ ടാറിംഗ് നടത്തി യാത്ര സുഗമമാക്കാനോ തുടർ നടപടി ഉണ്ടായില്ല.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു.പുതിയ നിർമ്മാണം നടത്തിയ ഭാഗത്ത് മണ്ണിട്ട് നിരത്തി പാതയുടെ വീതി വർദ്ധിപ്പിക്കാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ദേശിയപാതയിൽ നിന്നും എട്ടേക്കർ, കൂമ്പൻപാറ ഭാഗങ്ങളിലേക്ക് പോകുന്ന പോക്കറ്റ് റോഡ് സംഗമിക്കുന്ന ജംഗ്ഷൻ കൂടിയാണ് ഈ അപകട മേഖല.ഇക്കാരണം കൊണ്ടു തന്നെ ഇവിടെ പലപ്പോഴും വാഹനങ്ങളുടെ തിരക്കും അനുഭവപ്പെടാറുണ്ട്.കൊടും വളവിൽ ടാറിംഗ് നടത്തി വീതി വർദ്ധിപ്പിച്ചാൽ വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി മറികടന്ന് പോകാനാകും.മൂന്നാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരവാഹനങ്ങൾ എത്തുന്നതോടെ കൊടും വളവും വീതി കുറവും മൂലം ഇവിടെ ഗതാഗതകുരുക്കുണ്ടാകാനും സാദ്ധ്യതയേറെയാണ്.