ചങ്ങനാശേരി: മത്സ്യമാർക്കറ്റിനു സമീപം റോഡരികിൽ മാലിന്യങ്ങൾ കുന്നുകൂടി. ബോട്ടുജെട്ടി പണ്ടകശ്ശാലക്കടവ് എ.സി റോഡിലേക്കുളള ഭാഗത്താണ് മാലിന്യം കുന്നുകൂടികിടക്കുന്നത്. പ്‌ളാസ്റ്റിക് മാലിന്യങ്ങൾ, അറവ്ശാലമാലിന്യം, വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം, തെർമോകോൾ കൂമ്പാരം തുടങ്ങിയവ കൂടിക്കിടക്കുകയാണ്. ദുർഗന്ധം വമിക്കുന്നതിനാൽ യാത്രക്കാരിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുമ്പ് മാലിന്യം കുന്നുകൂടി കിടന്ന ഇവിടെ നഗരസഭയിടപെട്ട് വൃത്തിയാക്കിയിരുന്നെങ്കിലും വീണ്ടും പൂർവ്വ സ്ഥിതിയായി. മാസങ്ങൾക്ക് മുമ്പ് ഇവിടെ പ്‌ളാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ച സംഭവമുണ്ടായിരുന്നു. മാലിന്യത്തിന് തീ പിടിച്ചത് മൂലം പരിസരമാകെ പുകപടലങ്ങൾ നിറയുകയും നാട്ടുകാർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടിരുന്നു. ഇത്തരത്തിൽ മാലിന്യം കത്തിക്കുന്നതിനെതിരെ നൂറിലധികം പേർ ഒപ്പിട്ട പരാതി മനുഷ്യാവകാശ കമ്മീഷനും മുൻസിപ്പൽ അധികൃതർക്കും നാട്ടുകാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ മാലിന്യം കത്തിക്കുന്നത് നിർത്തിവച്ചിരുന്നു. എന്നാൽ വീണ്ടും പ്‌ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുന്ന സ്ഥിതിയാണുള്ളത്.
ആലപ്പുഴ- ചങ്ങനാശേരി റോഡിൽ നിന്നും മാർക്കറ്റിലെത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണിത്. ആലപ്പുഴ റോഡിൽ നിന്നും ടൗണിൽ പ്രവേശിക്കാതെ മാർക്കറ്റ് റോഡിലൂടെ എം.സി റോഡിലേക്കും കൃഷ്ണപുരം കാവാലം റോഡിലേക്കും പ്രവേശിക്കാവുന്ന എളുപ്പമാർഗ്ഗമാണിത്. ദീർഘദൂര യാത്രക്കാരടക്കമുള്ളവർ ചങ്ങനാശേരി അഞ്ചുവിളക്കും ചങ്ങനാശേരി മാർക്കറ്റും സന്ദർശിക്കുന്നതിന് കടന്നു വരാൻ കഴിയുന്ന വഴിയോരത്താണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. ബോട്ടുജെട്ടി ടൂറിസവുമായി ബന്ധപ്പെട്ടും ആളുകൾക്ക് ഇതുവഴി ഇവിടേക്ക് എത്തിച്ചേരാൻ കഴിയും. റോഡിനു കുറുകെയുള്ള പണ്ടകശ്ശാലക്കടവ് തോടും പോളതിങ്ങി നിറഞ്ഞു മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. പണ്ടകശ്ശാലക്കടവ് തോട്ടിലെ മാലിന്യങ്ങൾ നീക്കി വഴിയോരത്ത് സൗന്ദര്യവൽക്കരണം നടത്തിയാൽ ബോട്ടുജെട്ടി ടൂറിസത്തിന് സഹായമാകും. പ്‌ളാസ്റ്റിക് മാലിന്യം നീക്കി റോഡ് വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.