കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ ബസ് സ്റ്റാന്റ് കെട്ടിടം അടുത്തയാഴ്ച പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൺട്രോളിംഗ് ഇൻസ്പെക്ടർ, ടിക്കറ്റ് ആൻഡ് ക്യാഷ്, വിജിലൻസ് വിംഗ്, ഔട്ട് സൈഡ് ഡിപ്പാർട്ടുമെന്റ് ഓഫീസുകൾ എന്നിവ ഡി.ടി.ഒ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. ബാക്കി ഓഫീസുകൾ വരുംദിവസങ്ങളിൽ മാറ്റും.
നിലവിലെ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടീ സ്റ്റാളുകൾ, ബുക്ക് സ്റ്റാളുകൾ, ടെലിഫോൺ ബൂത്ത് എന്നിവർക്കും ഒഴിയാനായി നോട്ടീസ് നൽകിക്കഴിഞ്ഞു. കെട്ടിടം പൊളിക്കുന്ന സമയത്ത് ബസുകൾക്ക് സ്റ്റാന്റിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ബസുകളുടെ ഓപ്പറേഷൻസ് ഏറ്റുമാനൂർ, കോടിമത എന്നിവിടങ്ങളിൽ നിന്നായിരിക്കും. ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും കോടിമതയിൽ നഗരസഭ വക സ്ഥലവും ഇതിനായി ഉപയോഗിക്കും. ചങ്ങനാശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകൾ ഏറ്റുമാനൂർ സ്റ്റാന്റിലായിരിക്കും സർവ്വീസ് അവസാനിപ്പിക്കുക. വടക്കു ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകൾ കോടിമതയിൽ സർവ്വീസ് അവസാനിപ്പിക്കും. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ മുമ്പിൽ നിന്ന് ബസിൽ കയറാനുള്ള സൗകര്യമുണ്ടായിരിക്കും.
ടെർമിനലിന്റെ ആദ്യഘട്ടമായി ആറായിരം ചതരുശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് ഒന്നരമാസത്തിനുള്ളിൽ പൂർത്തീകരിക്കും. തിയേറ്റർ റോഡിനോട് ചേർന്ന് മൂന്നുനില കെട്ടിടം നിർമ്മിക്കാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഇപ്പോൾ ഒരു നില അടിയന്തരമായി പൂർത്തിയാക്കും. കെട്ടിടത്തിന്റെ റൂഫിംഗും ടൈൽ ഇടലുമാണ് ഇനി പൂർത്തിയാകാനുള്ളത്. ടോയ്‌ലറ്റ് സംവിധാനം പൂർത്തിയായാൽ നിലവിലെ കംഫർട്ട് സ്റ്റേഷനും പൊളിച്ചു നീക്കും.
ബസ് സ്‌ന്റാന്റിലെ നിലവിലെ കെട്ടിടം പൊളിച്ചു നീക്കുമ്പോൾ ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ താൽക്കാലികമായി കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റും. ഇത് പൂർത്തീകരിച്ചു കഴിഞ്ഞാൽ കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. തുടർന്ന് കാന്റീൻ കെട്ടിടം പൊളിച്ചു നീക്കും. ഇവിടെ നാലുനില കെട്ടിടം പുതിയതായി പണിയും. റോഡിന് അഭിമുഖമായി കെ.എസ്.ആർ.ടി.സിക്ക് വരുമാനം ലഭിക്കത്തക്ക രീതിയിലാണ് കെട്ടിടത്തിന്റെ പ്ലാൻ തയാറാക്കിയിട്ടുള്ളത്. നിലവിൽ ബസ് സ്റ്റാന്റിന് നടുവിലെ കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കത്തരീതിയിൽ പെട്രോൾപമ്പും ഇവിടെയുണ്ടാകും.