കോട്ടയം : മൂലവട്ടത്ത് പ്രവർത്തിക്കുന്ന മിലട്ടറി കാന്റീനിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ റോഡടച്ച് പാർക്ക് ചെയ്യുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. മൂലവട്ടം മേൽപ്പാലത്തിന്റെ സർവീസ് റോഡിൽ നിന്ന് റെയിൽവേ ട്രാക്കിനു സമീപത്തുകൂടിയുള്ള റോഡിലാണ് അനധികൃത പാർക്കിംഗ്. അൻപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിനിൽ നിന്ന് വീണ് പത്തുവയസുകാരൻ മരിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥർക്ക് കടന്നുപോകാനാവാത്ത നിലയിലാണ് വാഹനം പാർക്ക് ചെയ്‌തിരുന്നത്. പ്രദേശവാസിയായ വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാനും വൈകി. വാഹനം കടന്നു പോകുന്നതിനായി കാറുകൾ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കാന്റീൻ അധികൃതരെ നാട്ടുകാർ ബന്ധപ്പെട്ടപ്പോൾ കാറ്റ് അഴിച്ചു വിടാനാണ് പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കാറ്റ് അഴിച്ചു വിട്ടു പ്രതിഷേധിച്ചു. കാർ ഉടമകൾ സ്ഥലത്ത് എത്തി ചർച്ച നടത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചില്ല. തുടർന്നു കൺട്രോൾ റൂം പൊലീസും, നഗരസഭ അംഗം അഡ്വ.ഷീജ അനിലും സ്ഥലത്ത് എത്തി. കാർ പാർക്ക് ചെയ്യില്ലെന്നു ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.