പൂവൻതുരുത്ത് : സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചാന്നാനിക്കാട് സ്‌കൂളിന് മുകളിൽ അപകടഭീഷണി ഉയർത്തി മരം. പാതഇരട്ടിപ്പിക്കലിനായി മണ്ണെടുത്തപ്പോൾ ചാഞ്ഞു നിൽക്കുന്ന വലിയ മരമാണ് കുരുന്നുകൾക്ക് ഭീഷണിയാകുന്നത്. റെയിൽവേ സംരക്ഷണ ഭിത്തിപോലും കെട്ടാത്തതിനാൽ ഏതുനിമിഷവും മരം നിലംപൊത്താവുന്ന നിലയിലാണ്. നാട്ടുകാരും, അദ്ധ്യാപകരും പരാതി പറഞ്ഞെങ്കിലും റെയിൽവേ നിസംഗത പുലർത്തുകയാണ്.
നേരത്തെ റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറ് വശത്താണ് പാത ഇരട്ടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇത് കിഴക്കോട്ട് മാറ്റി. ഈ അലൈൻമെന്റ് മാറ്റും മുൻപാണ് ഇവിടെ മണ്ണെടുത്തത്. ഇതോടെ മരത്തിനു ചുവട്ടിലെ മണ്ണ് പൂർണമായും നീങ്ങി. കിഴക്കുഭാഗം റെയിൽവേ ട്രാക്കിനായി മണ്ണെടുത്ത 40 അടിയോളം താഴ്ചയുള്ള കുഴിയാണ്. വശങ്ങൾ വലിയതോതിലുള്ള മണ്ണിടിച്ചിൽ നേരിടുന്നുണ്ട്. സ്കൂൾമതിലിനോട് ചേർന്ന് നിൽക്കുന്ന വാകമരം മണ്ണിടിച്ചിൽ മൂലം സ്കൂൾ ശൗചാലയത്തിന്റെ മുകളിലേയ്ക്കു ചാഞ്ഞു കെട്ടിടം തകരാറിലായി.
നിങ്ങൾ ആർക്ക് വേണേൽ പരാതി കൊടുക്ക്
ആർക്ക് പരാതി നൽകിയാലും തങ്ങൾക്കത് പ്രശ്നമല്ലെന്ന മറുപടിയാണ് സെക്ഷൻ എൻജിനിയറിൽ നിന്ന് പി.ടി.എയ്ക്ക് ലഭിച്ചത്. റെയിൽവേ അധികൃതരുടെ അനാസ്ഥ രക്ഷകർത്താക്കളെയും, അദ്ധ്യാപകരെയും ഒരേപോലെ ഭീതിയിലാക്കുകയാണ്. കുട്ടികളെ ഒരു ദുരന്തത്തിലേയ്ക്ക് പറഞ്ഞു വിടുന്നതുപോലെയുള്ള സാഹചര്യമാണുള്ളത്. മരം നീക്കം ചെയുകയും അപകടത്തിലായ കെട്ടിടം പുതുക്കി പണിയുകയും വേണമെന്നതാണ് ഇവരുടെ ആവശ്യം.