ചങ്ങനാശേരി : വെളിയം - പെരുമ്പനച്ചി തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ. മാടപ്പള്ളി പഞ്ചായത്തിലെ തോടിന്റെ ചേന്നമറ്റം ഭാഗത്തുള്ള സംരക്ഷണഭിത്തിയോടു ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ഇതോടെ പ്രദേശവാസികളുടെ കാൽനടയാത്രയും ദുഷ്‌ക്കരമായി. നടപ്പാത ഇടിഞ്ഞതോടെ പത്തോളം വീടുകളാണ് യാത്രാമാർഗമില്ലാതെ വിഷമിക്കുന്നത്. തോടിന്റെ പലഭാഗത്തും സംരക്ഷണഭിത്തിയില്ലാത്തതിനാൽ ഒറ്റ മഴയിൽ വെള്ളം കയറും. ചേന്നമറ്റം, മാടപ്പള്ളി അമ്പലം, കൊഴുപ്പക്കളം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറാവാതിരുന്നതോടെ സംരക്ഷണഭിത്തി നിർമ്മാണം തടസപ്പെടുകയായിരുന്നു. രാത്രിയായാൽ ഇതുവഴി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. കുട്ടികളും പ്രായമായവരും ആശുപത്രി ആവശ്യങ്ങൾക്കു പോലും റോഡിലെത്താൻ ബുദ്ധിമുട്ടും.
കൈയേറ്റവും തകൃതി
തോടിന് ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. തോടിന്റെ ഒരുവശം സ്വകാര്യവ്യക്തികൾ ബണ്ടടക്കം കൈയേറി മതിലുകെട്ടി അടച്ചിരിക്കുകയാണ്. തോടിന്റെ ഒരുവശംമാത്രമാണ് കാൽനടയാത്രയ്ക്ക് ഉപയോഗിക്കുന്നത്. സംരക്ഷണഭിത്തി നിർമ്മിച്ച് നടപ്പാത പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.