mada

ചങ്ങനാശേരി : പുഞ്ചക്കൃഷി ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായി തുടരുന്ന ശക്തമായ മഴയിൽ പാടശേഖരങ്ങളിൽ മടവീഴ്ച തുടങ്ങിയതോടെ കർഷകർ ആശങ്കയിൽ. വാഴപ്പള്ളി കൃഷിഭവൻ പരിധിയിലുള്ള ഓടേറ്റി തെക്ക് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മട വീണു. താത്ക്കാലികമായി മട കെട്ടിയെങ്കിലും മഴ ഇനിയും തുടർന്നാൽ തകരുമോ എന്നതാണ് ആശങ്ക. വാഴപ്പള്ളി കൃഷിഭവൻ പരിധിയിലുള്ള 502 ഏക്കറും,​ വെളിയനാട് കൃഷിഭവൻ പരിധിയിലുള്ള 48 ഏക്കറും ഉൾപ്പെടെ 550 ഏക്കർ പാടശേഖരമാണ് ഓടേറ്റി തെക്ക്. 300കർഷകരുടെ നേതൃത്വത്തിലാണ് ഇവിടെ കൃഷി. ഇത്തവണത്തെ കൃഷിക്ക് മുന്നോടിയായി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് മടവീഴ്ച സംഭവിച്ചത്. പാടശേഖത്തിൽ പൂർണമായി വെള്ളം കയറി. വെള്ളം വറ്റിച്ച് നിലമൊരുക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഏറെ പണിപ്പെടേണ്ടിവരും. ബലക്ഷയമുള്ള ബണ്ട് കൂടുതൽ തകരുമോ എന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള കൽക്കെട്ടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു പുറമെ 6 മോട്ടർ തറകളും ബലക്ഷയാവസ്ഥയിലാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

തുക അനുവദിച്ചിട്ടും

മടവീഴ്ച തുടർന്നാൽ വിത്തിറക്കുന്ന ജോലികൾ ഉൾപ്പെടെ വൈകും. ഓടേറ്റി തെക്ക്, വടക്ക് പാടശേഖരങ്ങളുടെ വികസനത്തിനായി നബാഡിൽ നിന്ന് 5.24 കോടി രൂപ അനുവദിച്ചതായി കർഷകർക്ക് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും നടപടികൾ നീളുകയാണ്.