പാലാ : നഗരത്തിലെ പ്രധാന റോഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കുന്ന കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ പുതിയ സമരമുറ. സ്റ്റേഡിയം ജംഗ്ഷനിലെയും, ളാലം പാലം റൗണ്ടാന ജംഗ്ഷനിലെയും കുഴികളിലെ ചെളിവെള്ളം തേകി കളഞ്ഞാണ് പ്രതിഷേധ സമരം അരങ്ങേറിയത്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ.രവീന്ദ്രൻ കൊമ്പനാലും, സെക്രട്ടറി സന്തോഷ് എം. പാറയിലും നേതൃത്വം നൽകി.
ളാലം പാലം റൗണ്ടാനയിലെ ചെറിയ മൂന്ന് കുഴികളിലെയും സ്റ്റേഡിയം ജംഗ്ഷനിലെ വലിയ കുഴിയിലേയും ചെളിവെള്ളമാണ് ഇവർ തേകി മാറ്റിയത്. അധികാരികൾ എത്രയും വേഗം അനങ്ങാപ്പാറ നയം വെടിഞ്ഞ് കുഴികൾ നികത്തിയില്ലെങ്കിൽ പുതിയ സമരമാർഗങ്ങളുമായി രംഗത്തുവരുമെന്ന് ബി.ഡി.ജെ.എസ് മുന്നറിയിപ്പ് നൽകി. കുഴി ഉടൻ നികത്തണമെന്ന് ജോസ്. കെ. മാണിയും ആവശ്യപ്പെട്ടു. നഗരത്തിലെ വാഹന തൊഴിലാളികളുടെ അഭ്യർത്ഥനയെ തുടർന്ന് ജോസ് കെ. മാണി സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് റോഡ് നന്നാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇന്നലെ സി.എം.പി ടൗൺ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പുളിക്കൻ റോഡിൽ മുട്ടുകുത്തിനിന്നു പ്രതിഷേധിച്ചിരുന്നു.

അപകടം തുടർക്കഥ

സ്റ്റേഡിയം ജംഗ്ഷനിലെ വളവിൽ വലിയ കുഴി വെട്ടിച്ചുവന്ന ഇരുചക്രവാഹനം ഇന്നലെ അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം. കനത്ത മഴ കൂടിയായതിനാൽ കുഴികളിൽ ചെളിവെള്ളം നിറഞ്ഞുകിടക്കുകയാണ്. വഴിപരിചയം ഇല്ലാത്തവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.