എരുമേലി : ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എരുമേലിയിൽ നിർമ്മിച്ച ആധുനിക അറവുശാല അധികൃതരുടെ അനാസ്ഥയിൽ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിൽ. പഞ്ചായത്തിലെ നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിൽ 14 വർഷം മുൻപ് നിർമിച്ച ആധുനിക അറവുശാലയാണ് പ്രവർത്തനം തുടങ്ങാതെ കാഴ്ചവസ്തുവായത്. പ്രവർത്തനം തുടങ്ങാത്തതിനെ തുടർന്ന് നിയമസഭാസമിതിയിൽ പരാതി എത്തുകയും ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് 2019 ൽ പഞ്ചായത്ത് സെക്രട്ടറിക്ക് സമിതി ഉത്തരവ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് മുൻ ഭരണസമിതി പ്രവർത്തന സജ്ജമാക്കലിനായി 15 ലക്ഷം ചെലവിട്ടു. എന്നിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ വന്നപ്പോൾ വാടക വ്യവസ്ഥയിൽ ലേലം ചെയ്തു സ്വകാര്യ ഏജൻസിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.മണ്ണുത്തി സർവകലാശാലയിലെ ശാസ്ത്രജ്ഞനെ കൊണ്ടുവന്ന് അറവുശാല പരിശോധിപ്പിച്ചിരുന്നു.
ഇനിയുമുണ്ട് ലക്ഷങ്ങൾ പൊടിച്ച പദ്ധതികൾ
അറവുശാല പ്രവർത്തിക്കാത്തതിനാൽ പഞ്ചായത്തിലെ കശാപ്പുകടകൾക്ക് ലൈസൻസ് നൽകാനാവില്ല. ലൈസൻസ് ഫീസ് ഇനത്തിൽ ഇതു മൂലം വരുമാനം നഷ്ടപ്പെടുകയാണ്. അറവുശാല ഉൾപ്പെടെ ലക്ഷങ്ങൾ ചെലവഴിച്ച ഒട്ടേറെ പദ്ധതികൾ വർഷങ്ങളായി പ്രവർത്തനം തുടങ്ങിയിട്ടില്ല. പൊതു ശ്മശാനം, വയോധികർക്കായി നിർമിച്ച വൃദ്ധ സദനം, വനിതകൾക്ക് താമസിക്കാൻ നിർമിച്ച ഷീഹോസ്റ്റൽ, ഖര മാലിന്യങ്ങൾ സംസ്കരിക്കാൻ നിർമിച്ച ഇൻസിനിറേറ്റർ എന്നിവയുടെ പ്രവർത്തനമാണ് ആരംഭിക്കാത്തത്.